നല്ലതു പോലുറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നുന്നുണ്ടോ? കാരണമിതാണ്

ചില സമയങ്ങളിൽ ക്ഷീണം മാറാതെ നില നിൽക്കും. നല്ലതു പോലെ ഉറങ്ങിയാലും ക്ഷീണം ബാക്കിയാകും. ഒന്നും ചെയ്യാൻ തോന്നാത്തൊരു അവസ്ഥ. ശാരീരികമായും മാനസികമായും ഈ ക്ഷീണം നിങ്ങളെ പിടിപെടും. കാരണം ശാരീരിക അവസ്ഥകൾ മനസികാരോഗ്യത്തെയും ബാധിക്കും.

എഴുന്നേൽക്കുമ്പോൾ മുതൽ തുടങ്ങുന്ന ക്ഷീണത്തിനു കാരണം അനീമിയ ആണ്. ചുവന്ന രക്താണുക്കളുടെ കുറവാണു ഈ അവസ്ഥയുണ്ടാക്കുന്നത്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ വഹിക്കുന്ന രക്തകോശങ്ങളാണ് ചുവന്ന രക്താണുക്കൾ. ഇവയുടെ അളവ് കുറഞ്ഞാൽ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരും. ഇതുമൂലം നിരവധി രോഗങ്ങളാണ് ഉണ്ടാവുക. ഈ അവസ്ഥ മെച്ചപ്പെടുത്തുവാൻ സമീകൃതമായ ആഹാരങ്ങൾ കഴിക്കുക.

എന്തല്ലാം ഭക്ഷണങ്ങൾ കഴിക്കണം?

അയേൺ അടങ്ങിയ ഭക്ഷണങ്ങൾ

അനീമിയയുടെ പ്രധാന കാരണം ആവശ്യത്തിന് ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറയുന്നതാണ്. ഈ പ്രശ്നം പരിഹരിക്കാൻ അയേൺ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഈ പോഷകങ്ങൾ രക്തത്തിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനായ ഹീമോഗ്ലോബിന്റെ ഉത്‌പാദനം വർധിപ്പിക്കും. ഇത് ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ സഹായിക്കുകയും ചെയ്യും.

ഫോളേറ്റ്

ഇത് ഒരു വിറ്റാമിൻ ബി ആണ്. അസ്ഥി മജ്ജയിൽ ചുവന്ന രക്താണുക്കളുടെയും ശ്വേത രക്താണുക്കളുടെയും ഉത്‌പാദനത്തിന് ഇത് സഹായിക്കുന്നു. ഇത് സപ്ലിമെന്റ് രൂപത്തിലും നൽകാറുണ്ട്. ഫോളിക് ആസിഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഫോളേറ്റ് ഉപയോഗിച്ച് ശരീരം ഹീമോഗ്ലോബിൻ നിർമ്മാണത്തിനുള്ള അവശ്യവസ്തുവായ ഹീം എന്ന വസ്തുവിനെ ഉത്‌പാദിപ്പിക്കും. ഈ പോഷകമാണ് ചുവന്ന രക്തകോശങ്ങൾ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നത്. പച്ച നിറമുള്ള പച്ചക്കറികൾ, ചീര, ലെന്റിൽസ് പോലെയുള്ള ഇലക്കറികൾ എന്നിവയൊക്കെ ഫോളേറ്റിന്റെ നല്ല സ്രോതസ്സുകളാണ്.

വിറ്റാമിൻ ബി 12

ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിൽ വലിയ പങ്കുവഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ബി 12. ഈ വിറ്റാമിന്റെ കുറവ് ചുവന്ന രക്താണുക്കളുടെ അസാധാരണ വികാസത്തിന് ഇടയാക്കുകയും അവയുടെ വളർച്ച തടയുകയും ചെയ്യും. ഈ അവസ്ഥയെ മെഗാലോബ്ലാസ്റ്റിക് അനീമിയ എന്നാണ് പറയുന്നത്. പാൽ- പാൽ ഉത്‌പന്നങ്ങൾ, ചുവന്ന മാംസം, മത്സ്യം, ഷെൽഫിഷ് തുടങ്ങിയവയിലാണ് ഈ പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്.

കോപ്പർ

ചുവന്ന രക്താണുക്കളുടെ ഉത്‌പാദനത്തെ കോപ്പർ നേരിട്ട് സഹായിക്കില്ല. പക്ഷേ, ഇരുമ്പിനെ ആഗിരണം ചെയ്യാൻ ചുവന്ന രക്താണുക്കളെ സഹായിക്കും. കോപ്പർ ആവശ്യത്തിന് ശരീരത്തിലെത്തിയില്ലെങ്കിൽ ഈ പ്രക്രിയ നടക്കാൻ ബുദ്ധിമുട്ടും. ഷെൽഫിഷ്, ചെറി, മത്സ്യം എന്നിവ കോപ്പർ ധാരാളം അടങ്ങിയവയാണ്. ഇതുവഴി ചുവന്ന രക്താണുക്കളുടെ ഉത്‌പാദനം മെച്ചപ്പെടും.

വിറ്റാമിൻ സി

കോപ്പറിനെപ്പോലെ തന്നെ വിറ്റാമിൻ സിയും ചുവന്ന രക്താണുക്കളുടെ ഉത്‌പാദനത്തെ നേരിട്ട് ബാധിക്കില്ല. ശരീരത്തിലെ അയേണിനെ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുക എന്നതാണ് വിറ്റാമിൻ സിയുടെ ലക്ഷ്യം. സിട്രസ് പഴങ്ങൾ, തക്കാളി, പൈനാപ്പിൾ, പപ്പായ, സ്ട്രോബെറി, തണ്ണിമത്തൻ, മാങ്ങ തുടങ്ങിയവയിലെല്ലാം വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.