കൊച്ചി : മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹരജികൾ മാറ്റി. വേനലവധിക്കു ശേഷമായിരിക്കും ഹരജി പരിഗണിക്കുകയെന്ന് ഹൈക്കോടതി അറിയിച്ചു. സമൻസ് എന്തിനാണെന്ന ഐസകിന്റെ ചോദ്യത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി അറിയിച്ചു. എന്തിനാണ് സമൻസ് അയച്ചതെന്ന് ഇ.ഡി വ്യക്തമാക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. തുടർന്നാണ് വേനലവധിക്കുശേഷം മെയ് 22ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റിയത്. ആ കാലയളവിനിടയിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഹരജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
Read more : മൈതാനത്ത് ഉറങ്ങിക്കിടക്കവെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു : സംഭവം കൊല്ലത്ത്
സമൻസ് ചോദ്യം ചെയ്തുള്ള ഐസകിന്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്നായിരുന്നു ഐസക് ചോദിച്ചത്. കഴിഞ്ഞ തവണ ഐസകിന്റെ ഹരജി പരിഗണിക്കവെ ഇക്കാര്യം അറിയിക്കാൻ ഇ.ഡി കൂടുതൽ സാവകാശം തേടിയിരുന്നു. കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിനു ശേഷമാണ് പുതിയ സമൻസ് നൽകിയതെന്നാണ് ഇ.ഡിയുടെ വിശദീകരണം.