വിവാദങ്ങള്‍ക്കു വഴിവെച്ച നിരവധി വാര്‍ത്തകള്‍ വെളിച്ചത്തെത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദി ദിനപ്പത്രത്തില്‍ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളില്‍ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായിരുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്‍ത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്.
പാമോലിന്‍ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാന്‍ ചോലയിലെ കൈയ്യേറ്റങ്ങള്‍ പുറത്തെത്തിച്ചതും മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ പുറത്തെത്തിച്ചതുമടക്കം നിരവധി വാര്‍ത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്ന ജോജോ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലെ പടലപ്പിണക്കങ്ങള്‍ സംബന്ധിച്ചും വാര്‍ത്തകള്‍ പുറത്തെത്തിച്ചിരുന്നു.
ബി.സി. ജോജോയുടെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പേട്ട എസ്.എൻ നഗർ ഹൗസ് നമ്പർ 39 ഉത്രാടം വീട്ടിൽ എത്തിക്കും. നാളെ രാവിലെ 10 മുതൽ 11 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിനു ശേഷം സ്വദേശമായ മയ്യനാട്ടേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 4ന് മയ്യനാട്ടെ വീട്ടുവളപ്പിൽ.
മുല്ലപ്പെരിയാറിലേക്ക് വീണ്ടും എന്ന പുസ്‌തകം എഴുതിയിട്ടുണ്ട്. 1958ൽ കൊല്ലം മയ്യനാട്ട് ആയിരുന്നു ജനനം. ഡി ബാലചന്ദ്രനും പി ലീലാവതിയുമാണ്
മാതാപിതാക്കൾ . മയ്യനാട് ഹൈസ്‌കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്യൂണിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മെയിൻ സ്‌ട്രീം, കാരവൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷം 85 ൽ കേരളകൗമുദിയിൽ ചേർന്നു. 2003 മുതൽ 2012 വരെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടർന്ന് വിൻസോഫ്‌റ്റ് ഡിജിറ്റൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്റെ സി ഇ ഒയുമായിരുന്നു. ഭാര്യ: ഡോ. ടി കെ സുഷമ (വർക്കല എസ് എൻ കോളെജ് ഹിന്ദി വിഭാഗം മുൻ മേധാവി),
മക്കൾ: ജെ.എസ് ദീപു ( സീനിയർ അസോസിയറ്റ്, വാഡിയ ഗാന്ധി അഡ്വക്കേറ്റ്സ് ആൻ്റ് സോളിസിറ്റേഴ്സ്, മുംബയ്), ഡോ. ജെ.എസ് സുമി (അസിസ്റ്റൻ്റ് പ്രൊഫസർ, ഗോകുലം മെഡിക്കൽ കോളെജ്, വെഞ്ഞാറമൂട്) മരുമക്കൾ: ഡോ. സുരി രാജൻ പാലയ്ക്കൽ ( നെയ്യാർ മെഡിസിറ്റി ), അനീഷാകുമാർ (പ്രിൻസിപ്പൽ അസോസിയറ്റ്, ഡി എസ് കെ അഡ്വക്കേറ്റ് സ് ആൻ്റ് സോളിസിറ്റേഴ്സ്, മുംബയ്) മുതിർന്ന മാധ്യമ പ്രവർത്തകനും അന്വേഷണാത്മക പത്രപ്രവർത്തകനുമായ ബി.സി. ജോജോയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു