കേരള സര്‍വകലാശാല ബഡ്ജറ്റ് അവതരണത്തിനായി വിളിച്ച സെനറ്റ് യോഗം രണ്ടു തവണ മാറ്റി വയ്‌ക്കേണ്ടി വന്നത് സര്‍വകലാശാല ഭരണാധികാരികളുടെ പിടിപ്പുകേടിന്റയും ഉദാസീനതയുടെയും ഫലമാണെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങള്‍ ആരോപിച്ചു. സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങള്‍ മുടക്കം കൂടാതെ നടന്നുപോകുന്നതിനു അത്യന്താപേക്ഷിതമായ ബഡ്ജറ്റ് പാസ്സാക്കുന്നതിനായി, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു കേവലം നാല് ദിവസം ബാക്കിഉള്ള വിധത്തില്‍ മാര്‍ച്ച് 25, 26 തീയതികളിലാണ് ആദ്യം സെനറ്റ് യോഗം വിളിച്ചിരുന്നത്.
അതുകഴിഞ്ഞ് രണ്ടു ദിവസം എന്നത് വെട്ടി ചുരുക്കി 25ലേക്ക് മാത്രമായി പരിമിതപ്പെടുത്തി. ഒടുവില്‍ യോഗം 27 ലേക്ക് മാറ്റിവക്കുകയായിരുന്നു. കേരളത്തിലെ പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ഭരണഘടനാ സ്ഥാപനങ്ങളും തങ്ങളുടെ ബഡ്ജറ്റ് നേരത്തെ തന്നെ പാസ്സ് ആക്കിയപ്പോള്‍, കേരള സര്‍വകലാശാല ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. പെരുമാറ്റചട്ടം വന്നാല്‍ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്താനാവില്ലെന്നും ബഡ്ജറ്റ് പരിമിതപ്പെടുത്തേണ്ടി വരുമെന്നും ഏവര്‍ക്കും അറിവിരിക്കെ, കേരള സര്‍വകലാശാല അധികാരികള്‍ മാത്രം ഇതൊന്നും അറിഞ്ഞില്ല എന്നത് ഖേദകരമാണ്.
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം, പരീക്ഷ നടത്തിപ്പ്, ഗവേഷണ ഫണ്ടുകള്‍ എന്നിവ മുടങ്ങാതിരിക്കുന്നതിനും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യഥാസമയം വിനിയോഗിക്കുന്നതിനും ബഡ്ജറ്റ് പാസ്സ് ആക്കുന്നത് അനിവാര്യമായിരിക്കെ, ഇത്രയും ഉദാസീനമായ സമീപനം സര്‍വകലാശാല സ്വീകരിച്ചത് ദുരുപദിഷ്ടമാണ്. ബഡ്ജറ്റ് മാറി വോട്ട്ഓണ്‍ അക്കൗണ്ട് ആണോ എന്ന കാര്യം പോലും സെനറ്റ് അംഗങ്ങളെ അറിയിക്കാതെയാണ് സര്‍വകലാശാല മുന്നോട്ട് പോകുന്നത്. ബഡ്ജറ്റ് ഉള്‍പ്പെടെ ഉള്ള ഒരു കാര്യങ്ങളും സെനറ്റില്‍ ചര്‍ച്ചചെയ്യപ്പെടരുത് എന്ന ചിലരുടെ പിടിവാശിയാണ് സര്‍വകലാശാലയെ ഭരണസ്തംഭനത്തിലേക്ക് കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്.
പരമാധികാര സഭയായ സെനറ്റിനെ നോക്ക്കുത്തി ആക്കികൊണ്ടാണ് അധികാരികള്‍ മുന്നോട്ടു പോകുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പാസ്സ് ആക്കാതെയും, ജനറല്‍ സെനറ്റ് യോഗം വിളിക്കാതെയുമാണ് അധികാരികള്‍ സര്‍വകലാശാല ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതിനെതിരെ സെനറ്റ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സെനറ്റ് യോഗത്തിലെ മന്ത്രി – വൈസ്ചസന്‍സിലര്‍ പോര്, സര്‍വകലാശാല കലോത്സവം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പൊതുസമൂഹത്തിനു മുന്നില്‍ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടി തടസപ്പെടുന്ന രീതിയിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നു യോഗം കുറ്റപ്പെടുത്തി. ഡോ. എബ്രഹാം എ, ഡോ. അജേഷ് എസ്. ആര്‍, ഡോ. വിനോദ് കെ ജോസഫ്, മറിയം ജാസ്മിന്‍, വൈ. അഹമ്മദ് ഫസില്‍ എന്നിവര്‍ പ്രസംഗിച്ചു.