ഹൈദരാബാദ്: തെലങ്കാനയിൽഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിക്കൂട്ടിലായി കെ.ചന്ദ്രശേഖർ റാവുവും ഭാരത് രാഷ്ട്ര സമിതിയും. കെ.ചന്ദ്രശേഖർ റാവു മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാന പൊലീസ് ഇപ്പോഴത്തെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും വ്യവസായികളുടെയും പ്രമുഖരുടെയും ഫോൺ ചോർത്തിയെന്ന വിവരങ്ങൾ പുറത്തു വന്നു. ആരോപണത്തോട് ബിആർഎസ് കേന്ദ്രങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റിലായിട്ടുണ്ട്.സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണൽ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവർ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. നിലവിൽ അമേരിക്കയിലുള്ള സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ മുൻമേധാവി ടി.പ്രഭാകർ റാവുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. തെലുഗു ടിവി ചാനൽ വൺ ന്യൂസ് നടത്തുന്ന ശരവൺ റാവു, പൊലീസ് ഉദ്യോഗസ്ഥർ രാധാ കിഷൻ റാവു എന്നിവർക്കും ലുക്ക്ഔട്ട് നോട്ടിസ് അയച്ചിട്ടുണ്ട്.
രേവന്ത് റെഡ്ഡിയുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതിനായി അദ്ദേഹത്തിന് വസതിക്ക് സമീപം ഇസ്രയേലിൽ നിന്നും ഇറക്കുമതി ചെയ്ത ഫോൺ ടാപ്പിങ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന ഇൻറലിജൻസിന്റെ സാങ്കേതിക കൺസൾട്ടന്റ് ആയിരുന്ന രവി പോൾ എന്ന വ്യക്തി രേവന്ത് റെഡ്ഡിയുടെ വസതിക്ക് സമീപം ഒരു ഓഫിസ് ആരംഭിച്ച് ഫോൺ ടാപ്പിങ് ഉകരണം സ്ഥാപിക്കുകയായിരുന്നു. ഇസ്രയേലിൽ നിന്ന് കേന്ദ്രത്തിന്റെ അനുമതിയില്ലാത ഇറക്കുമതി ചെയ്ത ഉപകരണത്തിന് 300 മീറ്റർ ചുറ്റളവിലുള്ള ഫോൺ സംഭാഷണങ്ങൾ പിടിച്ചെടുക്കാൻ സാധിക്കും.
പ്രതിപക്ഷ നേതാക്കൾക്ക് പുറമേ ജ്വല്ലറി ഉടമകൾ, ഭൂമിക്കച്ചവടക്കാർ, വ്യവസായികൾ, പ്രമുഖർ തുടങ്ങി പലരും പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഫോൺ ടാപ്പിങ് പ്രമുഖ ദമ്പതികളുടെ വിവാഹ മോചനത്തിന് കാരണമായതായും റിപ്പോർട്ട് ഉണ്ട്. വ്യവസായികളോട് ബിആർഎസിന്റെ പാർട്ടി ഫണ്ടിലേക്ക് വൻതുകകൾ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.