ന്യൂഡൽഹി: ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. മഹത്തായ ഈ പാർട്ടിയിൽ ചേരാൻ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഗാന്ധി കുടുംബത്തിലെ കുടുംബ വേരുകളാണ് 44കാരനായ വരുണിനെ ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണമെന്ന് അധിർ ചൗധരി പറഞ്ഞു.
‘വരുൺഗാന്ധി കോൺഗ്രസിൽ ചേരണം. വരുൺ വരുന്നത് സന്തോഷമുള്ള കാര്യമാണ്. വരുൺ നല്ല വിദ്യാഭ്യാസവും പ്രതിച്ഛായയുമുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകാത്തതിന് കാരണവും ഇതാണ്’ അധിർ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള സിറ്റിംഗ് എംപി വരുൺ ഗാന്ധിയെ ഒഴിവാക്കിയാണ് കഴിഞ്ഞദിവസം ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. കർഷക സമരത്തിനിടയിൽ കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങള നിരന്തരം വിമർശിക്കുകയും കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത വരുൺ ഗാന്ധിയെ ഇത്തവണ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
2014ലും 2019 ലും പിലിഭിത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ ജയിച്ച വരുണിനെ ഒഴിവാക്കിയാൽ സാമാജ് വാദി പാർട്ടി നൽകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പിലിഭിത്ത് എംഎൽഎയും യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗവുമായ ജിതിൻ പ്രസാദ ആണ് ഇവിടെ സ്ഥാനാർഥി.