ക്രിക്കറ്റിനും രാഷ്ട്രീയത്തിനും അഭേദ്യമായ ബന്ധമുണ്ട്. അതിപ്പോള്‍ പാക്കിസ്താനില്‍ ആയായും ഇന്ത്യയില്‍ ആയാലും. പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായത് ക്രിക്കറ്റിനൊപ്പം രാഷ്ട്രീയവും കളിച്ചതു കൊണ്ടായിരുന്നു. എന്നാല്‍, ‘നല്ലതു പോലെ ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ റണ്‍ഔട്ട് ആകുന്നത് എത്ര കഷ്ടമാണ്’ എന്ന പരസ്യം പോലെ ഇമ്രാന്‍ഖാന്‍ ജയിലില്‍ ആവുകയും ചെയ്തു. എന്നാല്‍, ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് കളിക്കാരനും പ്രാധാനമന്ത്രിയാകില്ല എന്നുറപ്പാണ്.
എങ്കിലും കളിക്കാരെല്ലാം എക്‌സ്ട്രാ സ്‌ട്രോങായി പോരാട്ടത്തിനിറങ്ങിയിട്ടുണ്ട്. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും വലിയൊരു കളി നടക്കുകയാണ്. രണ്ടിനും പേരൊന്നാണ്, ഐ.പി.എല്‍. പക്ഷെ, അര്‍ത്ഥം വ്യത്യസ്തവും. ഇന്ത്യന്‍ പ്രിമിയര്‍ ലീഗും, ഇന്ത്യന്‍ പാര്‍ലമെന്റ് ലീഗും. രണ്ടു കളികളും ആരംഭിച്ചിട്ടുണ്ട്. അവസാന വിജയി ആരെന്നറിയാന്‍ കാത്തിരിക്കണം.
ഇന്ത്യന്‍ പാര്‍ലമെന്റ് ലീഗില്‍ രണ്ടു ടീമുകളാണ് പ്രധാനായും മാറ്റുരയ്ക്കുന്നത്. ഒന്ന് നരേന്ദ്രമോദി ക്യാപ്ടനായ എന്‍.ഡി.എ ടൈറ്റന്‍സാണ്(ഗുജറാത്ത് ടൈറ്റന്‍സ്). രണ്ടാമത്തേത് രാഹുല്‍ ഗാന്ധി ക്യാപ്ടനായ ഇന്‍ഡി മുന്നണി ഇന്ത്യന്‍സുമാണ് (മുംബൈ ഇന്ത്യന്‍സ്).
ശക്തരായ കളിക്കാരുള്ള സഖ്യകക്ഷികളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തിയാണ് രണ്ടുതവണ വിജയികളായ എന്‍.ഡി.എ ടൈറ്റന്‍സിനെ എറിഞ്ഞിടാന്‍ രാഹുല്‍ഗാന്ധി ഒരുങ്ങുന്നത്. പക്ഷെ, നരേന്ദ്രമോദിയ്‌ക്കൊപ്പം അമിത് ഷായും, നിര്‍മ്മലാ സീതാരാമനും നയിക്കുന്ന ബാറ്റിംഗ് പടയുള്ളപ്പോള്‍ എറിഞ്ഞിടല്‍ അത്ര എളുപ്പമാകില്ല എന്നതാണ് വസ്തുത.
നരേന്ദ്രമോദി എന്ന ക്യാപ്ടന്‍ തന്നെയാണ് ഇത്തവണയും കളിക്കളത്തില്‍ എന്‍.ഡി.എയുടെ ശക്തി. ക്യാപ്ടന്റെ കീഴില്‍ ശക്തമായ കളികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ടീം. എതിര്‍ ടീമിലെ പ്രധാന കളിക്കാരില്‍ ഒരാളായ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നോബോള്‍ വിളിച്ച് നിരന്തരം പീഡിപ്പിച്ചതും, അമ്പയറിനെക്കൊണ്ട് നടപടി എടുപ്പിച്ച് ഗ്രൗണ്ടില്‍ നിന്നൊഴിവാക്കിയതും തിരിച്ചടിയായിരിക്കുകയാണ്.
കേരളത്തിലാണെങ്കില്‍ മുന്‍നിര കളിക്കാരുടെ മക്കളെയെല്ലാം വിലകൊടുത്തു വാങ്ങി എന്‍.ഡി.എ ടൈറ്റന്‍സിന്റെ ശക്തി കൂട്ടിയതും ഇന്‍ഡി ഇന്ത്യന്‍സിന് അടിയായിട്ടുണ്ട്. ഇതു കൂടാതെയാണ് ഇന്‍ഡി ഇന്ത്യന്‍സിലെ പ്രധാന സ്പിന്നര്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് കളി. നരേന്ദ്ര മോഡി ഭരണം അവസാനിക്കാനോ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി ആകാനോ പോകുന്നില്ല.
അതിന് വേണ്ടി ആരും കോണ്‍ഗ്രസ്സിന് വോട്ടുചെയ്യാന്‍ നിക്കണ്ട. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന്റെ വലയില്‍ വീണത് പോലെ ഇപ്പോഴും വീഴരുത്. ഇതാണ് കേരളത്തില്‍ ജയിക്കാന്‍ വേണ്ടി സിപിഎം നടത്തുന്ന പുതിയ തന്ത്രം. സി.പി.എമ്മിന്റെ സ്പ്പിന്നില്‍ എന്‍.ഡി.എ റണ്ണൊന്നുമെടുത്തില്ലെങ്കിലും ഔട്ടാകാതെ നില്‍ക്കുമെന്നുറപ്പാണ്. ഒന്ന് ചിന്തിച്ചു നോക്കിയേ, എത്ര അപകടകരമായ കളിയാണ് ഇന്‍ഡി ഇന്ത്യന്‍സില്‍ നിന്നുകൊണ്ട് സിപിഎം കളിക്കുന്നത്.
ഈ ഐ.പി.എല്ലോടെ സ്വന്തം ചിഹനം നഷ്ടപ്പെടുമെന്നും ശേഷം മരപ്പട്ടി, ഈനാംപേച്ചി പോലെയുള്ള ചിഹ്നങ്ങളുള്ള ജേഴ്‌സി ഇടേണ്ടി വരുമെന്നും സിപിഎം ഭയക്കുന്നു. അപ്പോള്‍ നേതൃത്വത്തിന്റെ അറിവോടെ തന്നെ താഴെത്തട്ടില്‍ ബിജെപി ആയിരിക്കും വീണ്ടും വരികയെന്ന് സിപിഎം പ്രചരിപ്പിക്കുന്നു. ഇവിടെ മനസ്സിലാക്കേണ്ടത് എന്‍.ഡി.എ ടൈറ്റന്‍സിലെ സഖ്യകക്ഷിയായ ബി.ജെ.പിക്ക് നിലവിലുള്ള 303 സീറ്റില്‍ നിന്നും 33 സീറ്റ് കുറഞ്ഞാല്‍ അവരുടെ കേവല ഭൂരിപക്ഷം നഷ്ടമാകും.
ഇപ്പോള്‍ രാജസ്ഥാനില്‍ 25 ല്‍ 25 സീറ്റും ബിജെപിയുടെതാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് അവിടെ 41 ശതമാനം വോട്ടുണ്ട്. ഉറപ്പിച്ച് പറയാം ഇപ്രാവശ്യം 12 മുതല്‍ 15 സീറ്റുവരെ കോണ്‍ഗ്രസ്സ് തിരിച്ച് പിടിക്കും. മദ്യപ്രദേശില്‍ നിലവില്‍ 29 ല്‍ 28സീറ്റും ബിജെപിയുടേതാണ്. അവിടെയും കോണ്‍ഗ്രസ്സിന് 40 ശതമാനം വോട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 15സീറ്റ് കോണ്‍ഗ്രസ്സ് തിരിച്ച് പിടിക്കും.
ചത്തിസ്ഗഡില്‍ 11ല്‍ 8സീറ്റും ഇപ്പോള്‍ ബിജെപി ക്കാണ്. അവിടെയും 42.5 ശതമാനം വോട്ട് ഷെയര്‍ കോണ്‍ഗ്രസ്സിനുണ്ട്. ബിജെപിക്ക് അവിടെ കുറഞ്ഞത് 5സീറ്റ് നഷ്ടപ്പെടും. ചുരുക്കി പറഞ്ഞാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നായി കോണ്‍ഗ്രസ്സ് 30 മുതല്‍ 35 സീറ്റുവരെ ബിജെപിയില്‍ നിന്നും തിരിച്ചുപിടിക്കും. ഇതോടെ ബിജെപിയുടെ കേവല ഭൂരിപക്ഷം നഷ്ടമാകും.
കര്‍ണ്ണാടക 28ല്‍ 25സീറ്റും നിലവില്‍ ബിജെപിക്കാണ്. ഇത്തവണ ബിജെപി 5 സീറ്റില്‍ കൂടുതല്‍ കര്‍ണ്ണാടകയില്‍ നിന്നും നേടില്ല. ഉത്തര്‍ പ്രദേശില്‍ 80ല്‍ 62 സീറ്റും നിലവില്‍ ബിജെപിക്കാണ്. അഖിലേഷ് യാദവുമായി കോണ്‍ഗ്രസ്സുണ്ടാക്കിയ സഖ്യത്തില്‍ പ്രാദേശിക തലത്തിലുള്ള ചെറുതും വലുതുമായ നിരവധി മതേതര ഗ്രൂപ്പുകള്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.
ഏകദേശം 35 ശതമാനത്തിലേറെ വോട്ട് ഷെയര്‍ ഇപ്പോള്‍ ഇന്ത്യ സഖ്യത്തിന് യുപിയില്‍ ആയിട്ടുണ്ട്. രാജ്യത്താകെ ഉണ്ടാകുന്ന മതേതര മുന്നേറ്റം യുപിയിലെ തെരഞ്ഞെടുപ്പിനെ വലിയ നിലയില്‍ സ്വാധീനിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ യു.പിയില്‍ നിന്നും ഇത്തവണ 25 സീറ്റില്‍ കൂടുതല്‍ നേടുക ബിജെപിക്ക് അസാധ്യമാകുമെന്നാണ് കണക്കു കൂട്ടലുകള്‍. ഗുജറാത്തില്‍ 26 ല്‍ 26സീറ്റും നിലവില്‍ ബിജെപിക്കാണ്.
അവിടെ ഏറ്റവും കുറഞ്ഞത് 8 സീറ്റ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ്സ് പിടിച്ചെടുക്കുമെന്ന് ചില സര്‍വ്വേകള്‍ സൂചിപ്പിക്കുന്നുണ്ട്. ബീഹാറില്‍ ഇന്ത്യമുന്നണി അതിശക്തമായ മുന്നേറ്റം നടത്തുന്നു. നിതീഷ്‌കുമാറിന്റെ വിശ്വാസ്യത പാടെ തകര്‍ന്നിരിക്കുകയാണ്. അവിടെനിന്നും 40ല്‍ 22 മുതല്‍ 25സീറ്റ് വരെ ഇന്ത്യമുന്നണി നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞയാഴ്ച അവസാനിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനവും രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്രയില്‍ കിട്ടിയ സ്വീകാര്യതയും മഹാരാഷ്ട്രയിലെ ഇന്ത്യ മുന്നണിയുടെ മുന്നേറ്റം കൃത്യമായി വരച്ച് കാട്ടുന്നുണ്ട്. വെസ്റ്റ് ബംഗാളിലും ബിജെപിയുടെ സീറ്റ് രണ്ടക്കം കടക്കില്ലെന്നും, മമതയും ഒപ്പം ലെഫ്റ്റ്, കോണ്‍ഗ്രസ്സ് സഖ്യവും സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും ബംഗാളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
ഡല്‍ഹിയില്‍ നിലവില്‍ 7ല്‍ 7സീറ്റും ബിജെപിക്കാണ്. അവിടെ ഇപ്രാവശ്യം 7 സീറ്റും ആംആദ്മി കോണ്‍ഗ്രസ്സ് സഖ്യം തിരിച്ചു പിടിക്കും. തമിഴ്‌നാട്, കേരളം, തെലുങ്കാന, ആന്ധ്രാപ്രദേശ്, സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിക്ക് ഒന്നും കിട്ടില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് ബിജെപി വീണ്ടും അധികാരത്തില്‍ വരിക. ജൂണ്‍ മാസം ആദ്യവാരത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര സഖ്യം അഥവാ ഇന്‍ഡി ഇന്ത്യന്‍സ് സമ്പൂര്‍ണ്ണ വിജയം നേടി ഐ.പി.എല്‍ കപ്പുയര്‍ത്തും.
ഇതാണ് രാഹുല്‍ഗാന്ധിയുടെയും ടീമിന്റെയും ആത്മവിശ്വാസം. പക്ഷെ, സത്യമെന്താണെന്ന് കണ്ടു തന്നെ അറിയണം. ക്രിക്കറ്റ് ഐ.പി.എല്‍. ചൂടുപിടിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ ഐ.പി.എല്ലും കൊടുംചൂടിലേക്ക് വീണുകഴിഞ്ഞു. ഇനി അറിയേണ്ടത് കപ്പുയര്‍ത്തുന്നത് ആരെന്നു മാത്രം. നരേന്ദ്രമോദിയോ രാഹുല്‍ ഗാന്ധിയോ.