കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തിൽ തോമസ് ഐസക്കിന്റെ മൊഴി എടുക്കണമെന്ന് ഇഡി.ബോണ്ട് സംബന്ധിച്ച പ്രധാന തീരുമാനമെടുത്ത വ്യക്തി ഐസക്കാണ്. ഇടപാടിലെ നിയമസാധുത പരിശോധിക്കാൻ ഐസക്കിന്റെ മൊഴിയെടുത്തേ മതിയാകൂവെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു.
കേസ് വേനൽ അവധിക്ക് ശേഷം മേയ് 22നു പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. തോമസ് ഐസക്കിന്റെ ഹർജി പരിഗണിക്കുന്നതിനിടെ എന്തിനാണ് അദ്ദേഹത്തിന് സമൻസ് അയക്കുന്നതെന്ന് കോടതി ഇ.ഡിയോട് നേരത്തെ ചോദിച്ചിരുന്നു.
അതിനിടയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായാണ് ഇ.ഡി കോടതിയെ അറിയിച്ചത്. കിഫ്ബിയുടെ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഏതു കാരണത്താലാണു തനിക്കു സമൻസ് തരുന്നതെന്ന കാര്യം ഇഡി വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ഐസക്കിന്റെ വാദം. 2021ൽ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനുശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറുപടി പറയാൻ കഴിയില്ല. അതുവരെയുള്ള കാര്യങ്ങള്‍ ഇഡിക്കു സമർപ്പിച്ചിട്ടുണ്ടെന്നും ഐസക്ക് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മസാല ബോണ്ട് ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐസക്കിനു കൂടുതൽ അറിയാമെന്നായിരുന്നു ഇഡിയുടെ വാദം. ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്യുക മാത്രമേയുള്ളൂവെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. വേനലവധിക്ക് ശേഷം കേസ് പരിഗണിക്കുന്നത് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ഐസക്കിനെ സംബന്ധിച്ച് ആശ്വാസമാണ്.
Read also :ഗോവിന്ദനെതിരായ പരാമർശം: കോടതിയിൽ ഹാജരാകാതെ സ്വപ്ന