കാലുകളിൽ നീരോ, പുറം വേദനയുമൊക്കെ വന്നാലും പലരും ശ്രദ്ധിക്കാറില്ല. നിസ്സാരമായി തള്ളിക്കളയും മാത്രമല്ല സ്വയം ചികിത്സ ചെയ്യുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ കാലുകളിൽ നീര് വരുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളായാണ്.തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും.
വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
മൂത്രമൊഴിക്കുന്നതിലെ മാറ്റം
നിങ്ങള്‍ ഒഴിക്കുന്ന മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും വൃക്ക തകരാറിലായതിന്റെ സൂചനയാണ്. ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തില്‍ രക്തം, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും എല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്.
നീര് വയ്ക്കല്‍
വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ അമിതമായ ഫ്‌ളൂയിഡ് ശരീരത്തില്‍ പല ഇടങ്ങളിലായി അടിയാന്‍ തുടങ്ങും. കൈകള്‍, കാലുകള്‍, സന്ധികള്‍, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീരു വയ്ക്കാന്‍ ആരംഭിക്കും. നീര് വച്ചയിടത്ത് അമര്‍ത്തുമ്പോള്‍ അവിടം കുറച്ച് നേരത്തേക്ക് കുഴിഞ്ഞിരിക്കും.
ക്ഷീണം, തളര്‍ച്ച
വൃക്ക പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാതെ ആകുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും ഒരു ഊര്‍ജ്ജമില്ലാത്ത അവസ്ഥയുമൊക്കെ ഉണ്ടാകും. രക്തത്തിലെ മാലിന്യം പുറന്തള്ളാന്‍ വൃക്കയ്ക്ക് കഴിയാതെ വന്ന് അവ ശരീരത്തില്‍ അടിയുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.
പുറം വേദന
പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറില്‍ നിന്നും നാഭിയിലേക്ക് പടരുന്ന വേദന മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെയും ലക്ഷണമാകാം.
അമോണിയ ഗന്ധം
ശ്വാസത്തിന് അമോണിയ ഗന്ധമുണ്ടാകുന്നതും വായില്‍ ലോഹത്തിന്റേതിന് സമാനമായ രുചിയുണ്ടാകുന്നതും വൃക്കതകരാര്‍ മൂലമാകാം. വൃക്ക പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ രക്തത്തില്‍ യൂറിയയുടെ തോത് ഉയരും. യൂറിയ ഉമിനീരില്‍ അമോണിയയായി മാറുന്നതിനാല്‍ മൂത്രത്തിന് സമാനമായ ഗന്ധം വായില്‍ നിന്നുയരും.
എപ്പോഴും തണുപ്പ് തോന്നുക
വൃക്കതകരാര്‍ കൊണ്ടുണ്ടാകുന്ന അനീമിയ ചൂട് പരിതസ്ഥിതിയില്‍ പോലും നിങ്ങള്‍ക്ക് തണുപ്പ് തോന്നിപ്പിക്കും. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണണം.
വൃക്ക രോഗമുണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ ഉപയോഗിക്കരുത്
അവക്കാഡോ
ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവയടങ്ങിയ പോഷകസമൃദ്ധമായ ഒരു പഴമാണ് വെണ്ണപ്പഴം അഥവാ അവക്കാഡോ. എന്നാൽ ഇതിൽ കൂടിയ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ വൃക്കരോഗം ഉള്ളവർ ഇത് ഒഴിവാക്കണം. ശരാശരി വലുപ്പമുള്ള ഒരു വെണ്ണപ്പഴത്തിൽ 690 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്.
ഹോൾവീറ്റ് ബ്രഡ്
ആരോഗ്യമുള്ളവരെ സംബന്ധിച്ച് മുഴുധാന്യ ബ്രഡ് പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്. എന്നാൽ ഇതിൽ ഫൈബർ കൂടിയ അളവിലുണ്ട്. ഫോസ്ഫറസും പൊട്ടാസ്യവും ഇതിൽ കൂടിയ അളവിലുണ്ട്. വൃക്കരോഗം ഉള്ളവർക്ക് മുഴുധാന്യ ഗോതമ്പ് കൊണ്ടുള്ള ബ്രഡിനെക്കാൾ വൈറ്റ് ബ്രഡ് ആണ് നല്ലത്.
ബ്രൗൺ റൈസ്
ഒരു കപ്പ് വേവിച്ച ബ്രൗൺ റൈസിൽ 149 മി.ഗ്രാം ഫോസ്ഫറസും 95 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. എന്നാൽ ഒരു കപ്പ് വൈറ്റ് ൈറസിൽ ആകട്ടെ 69 മി.ഗ്രാം ഫോസ്ഫറസും 54 മി.ഗ്രാം പൊട്ടാസ്യവും ആണുള്ളത്. വൃക്കരോഗികൾ ബ്രൗൺ റൈസ് ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ കഴിക്കുകയാണെങ്കിൽ വളരെ കുറച്ചു മാത്രം കഴിക്കുക.
വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഒരു പഴത്തിൽ 422 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. വാഴപ്പഴത്തിനു പകരം പൊട്ടാസ്യം കുറവുള്ള പൈനാപ്പിൾ കഴിക്കാവുന്നതാണ്.
പാലുൽപന്നങ്ങൾ
പാലുൽപന്നങ്ങളിൽ ധാരാളം വൈറ്റമിനുകളും പോഷകങ്ങളും ഉണ്ട്. പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവയിൽ ഫോസ്ഫറസും പൊട്ടാസ്യവും ഉണ്ട്. ഉദാഹരണമായി ഒരു കപ്പ് പാലിൽ 205 മി.ഗ്രാം ഫോസ്ഫറസും 322 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. വൃക്കരോഗമുള്ളവർ ഫോസ്ഫറസ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.
ഓറഞ്ച്, ഓറഞ്ച് ജ്യൂസ്
വൈറ്റമിൻ സി ധാരാളമുള്ള ഓറഞ്ചിൽ പൊട്ടാസ്യവും ധാരാളമുണ്ട്. ഒരു വലിയ ഓറഞ്ചിൽ 333 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. ഒരു കപ്പ് ഓറഞ്ച് ജ്യൂസിലാകട്ടെ 458 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. ഓറഞ്ചിനു പകരം മുന്തിരി, ആപ്പിൾ മുതലായ പഴങ്ങൾ കഴിക്കാം.
ഉരുളക്കിഴങ്ങ് മധുരക്കിഴങ്ങ്
ഇവ രണ്ടും പൊട്ടാസ്യം ധാരാളം അടങ്ങിയ പച്ചക്കറികളാണ്. ഇടത്തരം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങിൽ 610 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. അതുപോലെ ഒരു മധുരക്കിഴങ്ങിലാകട്ടെ 542 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. വെള്ളത്തിലിട്ടു വച്ചിരുന്നാലും തിളപ്പിക്കുമ്പോഴും ഇവയിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതായി പഠനങ്ങൾ പറയുന്നു.
തക്കാളി
പൊട്ടാസ്യം കൂടുതലടങ്ങിയതിനാൽ വൃക്കരോഗമുള്ളവർ തക്കാളി ഒഴിവാക്കണം. ഒരു കപ്പ് ടൊമാറ്റോസോസിൽ 728 മി.ഗ്രാം ആണ് പൊട്ടാസ്യം.