പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സംബന്ധിച്ച സിബിഐ അന്വേഷണം അനിശ്ചിതത്തിലാക്കിയത് സിപിഎം- ബിജെപി ഒത്തുകളിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. കൊലപാതകത്തില്‍ പങ്കുള്ള എസ്എഫ്‌ഐക്കാരെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ ശക്തമായ ഇടപെടലാണ് നടക്കുന്നത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് ഏറ്റെടുക്കാതെ സിബിഐയും ഒഴിഞ്ഞുമാറുകയാണ്.
സംസ്ഥാന പോലീസിന്റെയോ സിബിഐയുടെയോ അന്വേഷണം നടക്കാത്ത സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമാണ് എസ്എഫ്‌ഐക്കു ലഭിച്ചത്. മാര്‍ച്ച് 9നാണ് കേസ് സിബിഐക്കു വിട്ടുകൊണ്ട് വിജ്ഞാപനം ഇറങ്ങിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതു കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന അയച്ചത് 16നും. 7 ദിവസമാണ് പിണറായി സര്‍ക്കാര്‍ ഫയലില്‍ അടയിരുന്നത്. വിജ്ഞാപനത്തോടൊപ്പം കേസിന്റെ അന്വേഷണ പുരോഗതി വിവരിക്കുന്ന പെര്‍ഫോമ റിപ്പോര്‍ട്ടും നല്കിയില്ല.
17 ദിവസമായി പിണറായി സര്‍ക്കാര്‍ അതിന്മേലും അടയിരിക്കുകയാണ്. അതീവ ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് 33 എസ്എഫ്‌ഐക്കാരുടെ സസ്‌പെന്‍ഷന്‍ രാഷ്ട്രീയസമ്മര്‍ദത്തിനു വഴങ്ങി വൈസ് ചാന്‍സലര്‍ ഡോ. പി.സി ശശീന്ദ്രന്‍ റദ്ദാക്കിയത്. നിയമോപദേശം തേടാതെയായിരുന്നു ഈ നടപടി. അവസാനം ഗവര്‍ണര്‍ ഇടപെട്ട് സസ്‌പെന്‍ഷന്‍ പുനഃസ്ഥാപിക്കുകയും വൈസ് ചാന്‍സലറെ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
സിദ്ധാര്‍ത്ഥിന്റെ കൊലപാതകം വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും ഉണ്ടാക്കിയ പ്രത്യാഘാതം അതീവഗുരുതരമാണ്. കോളജില്‍ പോകാന്‍ വിദ്യാര്‍ത്ഥികളും, കുട്ടികളെ അയയ്ക്കാന്‍ മാതാപിതാക്കളും പേടിച്ചുനില്ക്കുകയാണ്. ഇതിനു പരിഹാരം കാണേണ്ട സര്‍ക്കാരാണ് എസ്എഫ്‌ഐ ഗുണ്ടകളെ സംരക്ഷിക്കാന്‍ രണ്ടുംകെട്ടിറങ്ങിയതെന്നും ഹസന്‍ പറഞ്ഞു.