ബോൾഡ് ലുക്കിൽ കൂടുതൽ മൈലേജുമായി കിക്ക്‌സ് ഇനി ഇന്ത്യയിൽ

പുതിയ രൂപത്തിലും ഭാവത്തിലും 2024 മോഡൽ കിക്ക്‌സിനെ നിസാൻ അവതരിപ്പിച്ചിരിക്കുകയാണ്.മുമ്പത്തേക്കാൾ അളവുകളുടെ കാര്യത്തിൽ പുതിയ കിക്ക്‌സിന് എല്ലാ കോണുകളിൽ നിന്നും അല്പം വലുതാണ് എന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാം. അതോടൊപ്പം ഇന്തോനേഷ്യയിലും മറ്റ് ചില വിദേശ വിപണികളിലും വിൽക്കുന്ന മിത്‌സുബിഷി എക്‌സ്-ഫോഴ്‌സ് എസ്‌യുവിയുമായി വളരെയധികം സാമ്യമുണ്ട് എന്നും തോന്നാം.

ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ ഔദ്യോഗികമായി പുറത്തിറക്കും മുൻപേ പുതിയ കിക്ക്‌സിന്റെ വിശേഷങ്ങള്‍ പുറത്തുവിട്ട് നിസാന്‍. എസ്‌യുവികളിലെ അഴകളവുകളില്‍ പൊതുവില്‍ വലുപ്പം കൂടുതലുള്ള വാഹനമാണ് കിക്ക്‌സ്.

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, പുതിയ കിക്സിന്ക് ഗ്രില്ലിന് ചുറ്റും ഒരു വലിയ ബ്ലാക്ക് ഫിനിഷ്ഡ് ഏരിയയ്ക്കുള്ളിൽ ഹൊറിസോണ്ടൽ എൽഇഡികൾ തടസ്സമില്ലാതെ സംയോജിപ്പിക്കുന്നത് കാണാം. പിൻഭാഗത്ത്, യൂണിക്ക് ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ ടെയിൽഗേറ്റിൻ്റെ വീതി കവർ ചെയ്യുന്ന ഒരു ബ്ലാക്ക് എലമെന്റുമായി ലയിക്കുന്നു.

ഡിസൈനിലും മറ്റും വ്യത്യാസങ്ങളില്ലെങ്കിലും നിലവില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് കിക്ക്‌സ് എസ്‌യുവി പുറത്തിറങ്ങുന്നത്. റെനോ ഡെസ്റ്റര്‍ പോലുള്ള വാഹനങ്ങളിലുള്ള ബി0 പ്ലാറ്റ്‌ഫോം ആണ് കിക്ക്‌സ് ഇന്ത്യന്‍ മോഡലിന്റെ അടിസ്ഥാനം. വി പ്ലാറ്റ്‌ഫോമിലാണ് ഏഷ്യൻ രാജ്യങ്ങളിലും വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലും കിക്ക്‌സ് എസ്‌യുവി നിര്‍മിച്ചിരുന്നത്.

നിസാന്‍ മൈക്രയും സണ്ണി സെഡാനും നിര്‍മിക്കുന്ന പ്ലാറ്റ്‌ഫോമാണിത്.പുതിയ കിക്ക്‌സ് എസ്‌യു‌വി രാജ്യാന്തര തലത്തില്‍ ഒരു പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങുന്നതെന്ന സവിശേഷതയുമുണ്ട്. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവും റൈറ്റ് ഹാന്‍ഡ് ഡ്രൈവും ഉള്ള മോഡലുകള്‍ രണ്ടാം തലമുറ കിക്ക്‌സ് എസ്‌യുവിയിലുണ്ടാവും.

വടക്കേ അമേരിക്കന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ എസ്‌യുവിയായാണ് കിക്ക്‌സിനെ നിസാന്‍ അവതരിപ്പിക്കുക.
എക്‌സ്‌ഫോഴ്‌സ് എസ്‌യുവിയുടേതിന് സമാനമായ ഡോറുകളും റൂഫുമാണ് കിക്ക്‌സിനും നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്തേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പെകളുടേതിന് സമാനമായ റൂഫ്‌ലൈനുകളുണ്ട്.

വലിയ വീല്‍ ആര്‍ക്കുകളും ചുറ്റുമുള്ള മാറ്റ് ബ്ലാക്ക് ബോഡി ക്ലാഡിങുമെല്ലാം എസ്‌യുവി ലുക്ക് വര്‍ധിപ്പിക്കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന മോ‍ഡലിൽ 19 ഇഞ്ച് അലോയ് വീലുകളാണ്. ടച്ച് സെന്‍സിറ്റീവ് എച്ച് വി എ സി, നാല് യുഎസ്ബി സി പോര്‍ട്ടുകള്‍, വയര്‍ലെസ് ചാര്‍ജിങ് പാഡ്, വയര്‍ലെസ് ആഫ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, പനോരമിക് സണ്‍റൂഫ്, ഹെഡ് റെസ്റ്റ് മൗണ്ടഡ് എന്നിങ്ങനെ നീളുന്നു ഫീച്ചറുകളുടെ പട്ടിക.

12.3 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഉള്ളിലേക്കു വന്നാല്‍ പ്രധാന ആകര്‍ഷണം. എക്‌സ്‌ഫോഴ്‌സിലേതു പോലെ ഡബിള്‍ ലെയേഡ് ഡാഷ് ബോര്‍ഡാണ് നിസാന്‍ കിക്ക്‌സ് എസ്‌യുവിയിലും. എന്നാല്‍ മിറ്റ്‌സുബിഷി എക്‌സ്‌ഫോഴ്‌സിനേക്കാള്‍ പ്രീമിയം മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് കിക്ക്‌സ് എസ്‌യുവിയുടെ നിര്‍മാണമെന്നാണ് നിസാന്റെ അവകാശവാദം.

അഡാസ് സുരക്ഷാ ഫീച്ചറുകളോടെയാണ് കിക്ക്‌സിന്റെ വരവ്. സ്റ്റാന്‍ഡേഡ് മോഡല്‍ മുതല്‍ ഇന്റലിജന്റ് ക്രൂസ് കണ്‍ട്രോള്‍ ലഭ്യമാണ്. ഉയര്‍ന്ന മോഡലുകളിൽ പ്രൊപൈലറ്റ് അസിസ്റ്റ് സിസ്റ്റം ലഭിക്കും.ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ നിസാന്‍ കിക്ക്‌സ് വില്‍ക്കുന്നുണ്ട്. എന്നാല്‍ വില്‍പനയുടെ കാര്യത്തില്‍ കിക്ക്‌സിന്റെ പ്രകടനം ശോകമായിരുന്നു.

പുതുതലമുറ കിക്ക്‌സിന്റെ വരവോടെ വില്‍പനയിലും കിക്ക് ലഭിക്കുമെന്നാണ് നിസാന്റെ പ്രതീക്ഷ. നിലവില്‍ റെനോ ട്രൈബര്‍ ബൈസ്ഡ് എംപിവിയും സ്വന്തം ഡസ്റ്റര്‍ മോഡലും പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് നിസാന്‍. അതിനു ശേഷമായിരിക്കും പുതുതലമുറ കിക്ക്‌സ് ഇന്ത്യന്‍ വിപണിയിലെത്തുകയെന്ന് പ്രതീക്ഷിക്കാം.

Read also :എസ്‌യുവി വിപണിയെ പിടിച്ചുകുലുക്കാൻ ടൊയോട്ട കിർലോസ്‌കർ മോട്ടോർ