കെ.എസ്.ആര്‍.ടി.സി മന്ത്രി ഗണേഷ്‌കുമാറിന്റെ പരിഷ്‌ക്കാര ഫലമായി വരുന്ന ഡ്രൈവിംഗ് സ്‌കൂളിലേക്കുള്ള ബസുകള്‍ റെഡിയായിക്കഴിഞ്ഞു. 22 ബസുകളാണ് ഡ്രൈവിംഗ് സ്‌കൂളിനായി അനുവദിച്ചിരിക്കുന്നത്. പാറശാല മുതല്‍ അങ്ങേയറ്റം വരെയുള്ള ഡിപ്പോകളില്‍ നിന്നും ബസുകള്‍ എടുക്കുന്നുണ്ട്. 2010 ലും 2012 ലും രജിസ്‌ട്രേഷന്‍ നടത്തിയ ബസുകളാണ് സ്‌കൂളിന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. 2010ല്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു ബസുകളും, 2011ല്‍ രജിസ്റ്റര്‍ ചെയ്ത നാല് ബസുകളുമാണുള്ളത്. ബാക്കിയെല്ലാം 2012ല്‍ രജിസ്റ്റര്‍ ചെയ്തവയാണ്.
കെ.എസ്.ആര്‍.ടി.സി ഡിപ്പോ, വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ വരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും ഏകദേശം പൂര്‍ത്തിയായെന്നാണ് സൂചനകള്‍. എന്നു മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു മാത്രം അറിയാനാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കാത്തിരിക്കുന്നത്. 22 ഡ്രൈവിംഗ് സ്‌കൂളുകളിലേക്കാണ് ബസുകള്‍ എത്തിക്കുന്നത്. ഈ ബസുകളുടെ കണ്ടീഷന്‍ നോക്കിയാകും പഠിപ്പിക്കല്‍ ആരംഭിക്കുക. എന്നാല്‍, റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ബസാണോ, വര്‍ക്ക് ഷോപ്പുകളില്‍ അറ്റകുറ്റ പണിക്കു കയറ്റിയ ബസുകളാണോ ഇതെന്ന് വ്യക്തമല്ല.
എന്തായാലും ഗതാഗതവകുപ്പിന്റെ പുതിയ സംരംഭം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്ക് ഇത് വലിയ അടിയാണ്. പഠിപ്പിക്കുന്നതു മുതല്‍ ലൈസന്‍സ് എടുത്തു കൊടുക്കുന്നതു വരെ പണം പിടുങ്ങുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുകയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍. ഇതിന് ബദല്‍ തീര്‍ത്തിരിക്കുകയാണ് ഗണേഷ് കുമാര്‍.
അതേസമയം, ഡ്രൈവിംഗ് സ്‌കൂളിന് ബസ് കൊടുക്കുമ്പോള്‍ ഇത് പ്രത്യേകം പരിശോധിക്കുകയോ ബന്ധപ്പെട്ടവരോട് ചോദിക്കുയോ ചെയ്താല്‍ നന്നായിരിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇന്നത്തെ ഓഫ് റോഡ് പൊസിഷന്‍ പ്രകാരം 816 ബസുകള്‍ മൊത്തം ഓഫ് റോഡ് ഉള്ളതില്‍ 145 എണ്ണവും (17%) എഞ്ചിന്‍ അസംബ്ലി തകരാറിനെത്തുടര്‍ന്ന് ഡോക്കില്‍ ആയതാണ്. ഇതിന് പുറമെ റേഡിയേറ്റര്‍, സിലിണ്ടര്‍ ഹെഡ് ഗ്യാസ്‌കറ്റ്, വാട്ടര്‍ പമ്പ്, എഞ്ചിന്‍ ഓവര്‍ ഹീറ്റിംഗ് മുതലായ കാരണങ്ങളാല്‍ ഡോക്കില്‍ ഉള്ള വാഹനങ്ങളുമുണ്ട്.
എല്ലാം കൂടി ഏകദേശം 25 ശതമാനം ബസുകളാണ് എഞ്ചിന്‍ സംബന്ധമായ തകരാറുകള്‍ മൂലം ഡോക്കില്‍ ഉള്ളത്. ഇവയില്‍ പലതും ശരിയായ പ്രിവന്റ്‌റീവ് മെയ്ന്റനന്‍സിന്റെ അഭാവം കൊണ്ടുണ്ടായതാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. എഞ്ചിന്‍ ഓവര്‍ ഹീറ്റിംഗ് തകരാറുകള്‍ ഉണ്ടായ ബസുകള്‍ അധികം താമസിയാതെ എഞ്ചിന്‍ മാറ്റേണ്ട അവസ്ഥയിലേക്ക് വരുന്നുവെന്നും കാണുന്നുണ്ട്. ഒരു എഞ്ചിന്‍ റീകണ്ടീഷന്‍ ചെയ്യുന്നതിന് മാത്രം ശരാശരി ഒരു ലക്ഷം രൂപ ചിലവ് വരും.
ഇതിന് പുറമേയാണ് ഇത് മൂലമുണ്ടാകുന്ന ഡോക്ക് ദിനങ്ങള്‍, കടത്തു ചിലവുകള്‍, എഞ്ചിന്‍ മാറ്റി ഫിറ്റ് ചെയ്യുന്നതിനുള്ള മനുഷ്യാധ്വാന ദിനങ്ങള്‍ എന്നിവ മൂലമുള്ള ചിലവുകള്‍. എഞ്ചിനുകള്‍ക്ക് കാലപ്പഴക്കം മൂലം സംഭവിക്കാവുന്ന സ്വാഭാവിക തകരാറുകള്‍ അല്ലാതുള്ള തകരാറുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ചില നിര്‍ദ്ദേശങ്ങളും എല്ലാ ഗാരേജ് അധികാരികളുടെ ശ്രദ്ധയിലേക്ക് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് കൊണ്ടുവരുന്നുണ്ട്.
എയര്‍ ഫില്‍റ്റര്‍ പരിപാലനം കൃത്യമായി നടത്തുക. ഓയില്‍ ചെയ്ഞ്ചുകള്‍ നിശ്ചിത പിരിയോഡി സിറ്റിയില്‍ +/- 500 കിലോമീറ്ററില്‍ അധികരിക്കാന്‍ പാടുള്ളതല്ല. കൂളിംഗ് സിസ്റ്റം പരിപാലനം കൃത്യമാക്കുക. കൂളിംഗ് സിസ്റ്റം ഫ്‌ളഷ് ചെയ്തു മാത്രം കൂളന്റ് ചേയ്ഞ്ച് ആക്ടിവിറ്റി പൂര്‍ത്തിയാക്കുക. ഇതുമായി ബന്ധപ്പെട്ട സിഒ ഉത്തരവിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. കൂളന്റ് ചേയ്ഞ്ച് ഡാറ്റാ സൂക്ഷിക്കുന്നതിനൊപ്പം കൂളിംഗ് സിസ്റ്റം ഫ്‌ളഷിംഗിന്റെ ഡീറ്റെയില്‍സ് കൂടി സൂക്ഷിക്കുക.
25000 കിലോമീറ്റര്‍ / ക്വാര്‍ട്ടര്‍ലി മെയ്ന്റനന്‍സില്‍ വാല്‍വ് ക്ലിയറന്‍സ് പരിശോധന നിര്‍ബന്ധമായും നടത്തുകയും വിവരങ്ങള്‍ കൃത്യമായി FM രെജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുക. ഓയില്‍ തിക്കനിംഗ് കംപ്ലയിന്റ് ഏതെങ്കിലും ബസുകളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അതിന് പരിഹാരം കണ്ടിരിക്കണം. ഓയില്‍ തിക്കനിംഗ് കംപ്ലയിന്റ് ശ്രദ്ധയില്‍പ്പെടുന്ന വാഹനങ്ങള്‍ അതേ രീതിയില്‍ തന്നെ തുടര്‍ന്നും ഉപയോഗിക്കുവാന്‍ പാടില്ല.
ഇത്തരം കംപ്ലയിന്റൊക്കെ തീര്‍ത്ത വാഹനങ്ങളായിരിക്കും നിരത്തിലോടുന്നതും, ഡ്രൈവിംഗ് സ്‌കൂളിനു നല്‍കുന്നതുമെന്ന് വെറുതേ ആിക്കുകയാണ് യാത്രക്കാരും ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവരും.