പത്തനംതിട്ട: പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നെന്ന വാര്‍ത്തകൾ അടിസ്ഥാന രഹിതമെന്ന് സിപിഎം. അംഗങ്ങള്‍ ഭിന്നാഭിപ്രായം പ്രകടപ്പിക്കുന്നത് സ്വാഭാവികമാണെന്നും കയ്യാങ്കളി നടന്നെന്നത് വ്യാജ വാര്‍ത്തയാണെന്നും ഇതിനെതിര നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചു.
പത്തനംതിട്ട ജില്ല കമ്മിറ്റിയിൽ കൈയാങ്കളി നടന്നെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. അതൊക്കെ ഓരോരുത്തരുടെ ഭാവനയാണ്. പത്തനംതിട്ട സി.പി.എമ്മിൽ പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ തർക്കം നടന്നിട്ടില്ലെന്ന് ജില്ല സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാർ പറഞ്ഞു. ഒരു തർക്കവും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിനു പിന്നാലെ തർക്കമുണ്ടാവുകയായിരുന്നു. രണ്ട് ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളാണ് യോഗത്തിൽ തമ്മിലടിച്ചത്. കൂട്ടത്തിൽ മുതിർന്ന നേതാവ് സിപിഎം നേതൃത്വത്തോട് രാജിഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.