ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളിൽ, പ്രശസ്ത ഫ്രഞ്ച് ജ്യോതിഷിയും അപ്പോത്തിക്കിരിയുമായ നോസ്ട്രഡാമസ് നൂറ്റാണ്ടുകൾക്കു മുൻപ് കുറിച്ചുവെച്ച ചില പ്രവചനങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. രാജകുടുംബത്തിലെ അംഗങ്ങൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികളുടെ സാഹചര്യത്തിലാണ് ഈ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നത്. പ്രത്യേകിച്ച് വില്യം രാജകുമാരന്റെ പത്നിയും വെയിൽസ് രാജകുമാരിയുമായ കെയ്റ്റ് മിഡിൽടൺ, ക്യാൻസറുമായുള്ള പോരാട്ടത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ. കാൻസർ രോഗത്തിനെതിരായ ചാൾസ് രാജാവിൻ്റെ പോരാട്ടത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെയ്റ്റ് മിഡിൽടണിന്റെ രോഗവിവരവും പുറത്തുവന്നത്.
വരാനിരിക്കുന്ന ചരിത്രസംഭവങ്ങളുടെ തീയതി കുറിച്ചിട്ട് ലോകത്തെ പിന്നീടു ഞെട്ടിച്ച ഫ്രഞ്ച് പ്രവാചകൻ നോസ്ട്രഡാമസ് 2024 എന്ന വർഷം രാജകുടുംബത്തിന് നല്ല സമയമല്ലായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു രാജാവ് പദവിയൊഴിയേണ്ട സാഹചര്യമുണ്ടാകുമെന്നും പകരം രാജകീയ പരിവേഷമൊന്നുമില്ലാതിരുന്ന ഒരാൾ പുതിയ രാജാവാകുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ഈ പ്രവചനത്തെ ഇപ്പോൾ ആളുകൾ വ്യക്യനിക്കുന്നത് രോഗം മൂലമുള്ള അവശതകൾ കാരണം ചാൾസ് രാജാവ് സ്ഥാനമൊഴിയുമെന്നും രാജപദവികളെല്ലാം ഉപേക്ഷിച്ച് കൊട്ടാരം വിട്ട ഇളയമകൻ ഹാരി ബ്രിട്ടന്റെ പുതിയ രാജാവാകുമെന്നുമാണ്.
ചാൾസ് രാജാവിന് ശേഷം രാജകീയ അധികാരങ്ങൾ മൂത്ത മകനായ വില്യമിനും പത്നി കെയ്റ്റിനുമാണ് ലഭിക്കുക. എന്നാൽ, അഞ്ചാം സ്ഥാനത്തുള്ള ഹാരി രാജാവാകുന്നത് എങ്ങനെയെന്നും കിരീടാവകാശിയായ വില്യം അയോഗ്യനാകുന്നതെങ്ങനെ എന്നും തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമില്ല.
നോസ്‌ട്രഡാമസ് എന്നറിയപ്പെടുന്ന മിഷേൽ ഡി നോസ്‌ട്രഡം നിഗൂഢമായ വാക്കുകളിലൂടെ ഭാവി കൃത്യമായി പ്രവചിക്കുമെന്ന് പറയപ്പെടുന്ന വ്യക്തിയാണ്. എലിസബത്ത് രാജ്ഞിയുടെ മരണവും അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നുവെന്നാണ് പറയുന്നത്. 1555ൽ പുറത്തിറങ്ങിയ ‘ലെസ് പ്രോഫറ്റീസ്’ എന്ന പുസ്തകത്തിലാണ് ഭാവിയിൽ ലോകത്ത് നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നോസ്ട്രഡാമസ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന 36കാരനായ ബ്രസീലിയൻ സ്വദേശി അത്തോസ് സലോമിയും ഈ വർഷം കെയ്റ്റ് രാജകുമാരിക്ക് അത്ര നല്ല സമയമായിരിക്കില്ലെന്നാണ് പറയുന്നു. എല്ലുകളുടെയും കാൽമുട്ടിന്റെയും കാലുകളുടെയും അനാരോഗ്യം കെയ്റ്റിനെ വല്ലാതെ അലട്ടുമെന്നും രാജകുടുംബാംഗമെന്ന പദവിയിൽ കെയ്റ്റിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണെന്നും സലൊമെ പ്രവചിച്ചിട്ടുണ്ട്.
മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ 2023 ൽ നടന്ന റഷ്യ-യുക്രെയ്ൻ യുദ്ധം നോസ്ട്രഡാമസിന്റെ പ്രവചനം യാഥാർഥ്യമാക്കിയെന്നു പറയുന്നതും സമ്മതിക്കേണ്ടിവരും. ഹിറ്റ്‌ലറുടെ ഉദയവും ലേക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയും എലിസബത്ത് രാഞ്ജിയുടെ മരണവുമടക്കമുള്ള ഒട്ടേറെ ചരിത്ര സംഭവങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള നോസ്ട്രഡാമസിന്റെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ സത്യമാവുകയാണോ എന്ന ആശങ്കയിലാണ് ബ്രിട്ടൻ.