തൃശ്ശൂരിൽ പാടത്ത് ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; സ്വർണവ്യാപാരി അറസ്റ്റിൽ

തൃശൂര്‍: കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയുടെ (55) മരണത്തില്‍ തൃശൂരിലെ സ്വര്‍ണവ്യാപാരി വിശാല്‍ (40) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വിശാലിന്റെ വീടിന്റെ മുന്നില്‍ കിടക്കുകയായിരുന്നു രവി. ഇത് ശ്രദ്ധിക്കാതെ വീട്ടിലേക്ക് കാര്‍ കയറ്റുമ്പോള്‍ രവിയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ മരിച്ച രവിയുടെ മൃതദേഹം ഒളിപ്പിക്കാന്‍ വിശാല്‍ പാടത്ത് തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് രവിയാണെന്ന് ആദ്യം തിരിച്ചറിയുകയായിരുന്നു.മദ്യലഹരിയിലായിരുന്ന രവി തൃശൂര്‍ നഗരത്തിലെ ഗോസായി കുന്നിലുള്ള സ്വര്‍ണവ്യാപാരിയുടെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്നാണ് കിടന്നിരുന്നത്. രാത്രി വീട്ടിലേക്ക് വരുന്ന സമയത്ത് ഗേറ്റിനോട് ചേര്‍ന്ന് രവി കിടക്കുന്നത് വിശാല്‍ കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

രവി കിടക്കുന്നത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ രവിയുടെ ദേഹത്തുകൂടി കയറിയിറങ്ങി മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞ വിശാല്‍ സംഭവം ഒളിപ്പിക്കാനായി മൃതദേഹം കാറില്‍ കയറ്റിയതായും പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം പാടത്ത് ഉപേക്ഷിച്ചു എന്നതാണ് കേസ്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസെടുത്തിരിക്കുന്നത്. വിശാലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മണ്ണുത്തി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്

വാഹനം കയറിയിറങ്ങിയതായുള്ള സംശയം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഉന്നയിച്ചിരുന്നു. വാഹനാപകടമാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിക്കാന്‍ സാധിച്ചത്. ഈ സമയത്ത് കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണത്തില്‍ വിശാലിന്റെ വാഹനം കടന്നുപോയതായി കണ്ടെത്തി. കൂടാതെ മദ്യലഹരിയില്‍ സ്ഥിരമായി രവി വഴിയരികില്‍ കിടക്കാറുണ്ട് എന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിശാല്‍ പിടിയിലായതെന്നും പൊലീസ് പറയുന്നു.