അജ്മാൻ ∙ റമസാനിലെ ആദ്യ ആഴ്ചയിൽ 45 യാചകരെ അജ്മാനിൽ അറസ്റ്റ് ചെയ്തു. എമിറേറ്റിൽ ഭിക്ഷാടനം തുടച്ചു നീക്കുന്നതിനുള്ള ക്യാംപെയ്ന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും പേരെ പിടികൂടിയത്.
സ്വദേശികളെയും പ്രവാസികളെയും രാജ്യത്തെ വിവിധ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ക്യാംപെയ്ൻ. യാചകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി അന്വേഷകസംഘം രൂപീകരിച്ചുകൊണ്ട് സുരക്ഷാ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം വിപണികൾ, പാർപ്പിട കേന്ദ്രങ്ങൾ, പള്ളികൾ, ബാങ്കുകൾ തുടങ്ങിയ യാചകർ കൂടുതലായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.
ദരിദ്രരെയും രോഗികളെയും സാമ്പത്തിക സഹായം ആവശ്യമുള്ള ഏവരെയും പിന്തുണയ്ക്കുന്ന ഒട്ടേറെ ചാരിറ്റബിൾ അസോസിയേഷനുകൾക്ക് അജ്മാൻ സൗകര്യമൊരുക്കുന്നു. വ്യക്തിക്ക് യഥാർഥത്തിൽ സഹായം ആവശ്യമാണെന്ന് തെളിയിക്കപ്പെട്ടാൽത്തന്നെയും അവരെ ഭിഷയാചിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണം. ഭിക്ഷാടകരെക്കുറിച്ചറിയിക്കാൻ പൊലീസുമായി ബന്ധപ്പെടുക. കൂടാതെ 067034309 എന്ന നമ്പരിലും ബന്ധപ്പെടാം.