ദമാം ∙ സമ്മാനങ്ങളും മധുരവും പങ്കുവച്ച് സൗദിയിലെമ്പാടുമുള്ള കുട്ടികൾ റമസാൻ 15ന് ഗിർഗിയാൻ ദിനം ആഘോഷിച്ചു. ഉടയാത്ത മിനുമിനുത്ത കുപ്പായവും (തോബ്) പ്രൗഢിയുള്ള കുപ്പായം ധരിച്ച ആൺകുട്ടികളും പെൺകുട്ടികളും ആഘോഷങ്ങൾ വർണ്ണാഭമാക്കി. പാട്ടുകൾ പാടി ഉല്ലസിച്ചെത്തിയ കുട്ടിക്കൂട്ടങ്ങൾ ഒരോ കുടുംബത്തിന്റെയും പടിക്കലെത്തി. വീടുകളിലുള്ള മുതിർന്നവർ കുട്ടികൾക്ക് പണവും സമ്മാനങ്ങളും നൽകി. തബുൽ വാദ്യത്തിന്റെ മേളത്തിനൊപ്പം കൈകൾ കൊട്ടി പഴമയുടെ പാട്ടുകളും പാടി ഓരോ കുടുബങ്ങളും കുട്ടിസംഘത്തിനൊപ്പം അടുത്ത വീട്ടിലേക്ക് എത്തുമ്പോൾ റമസാനിലെ ഗിർഗിയാൻ രാവുകൾ സാമൂഹിക ബന്ധങ്ങളുടെ കണ്ണിപുതുക്കുന്നു.
പട്ടണങ്ങളിലൊക്കെ അയൽപക്ക സന്ദർശനം അസാധ്യമായതിനാൽ പല കേന്ദ്രങ്ങളിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്ര) ഗിർഗിയാൻ ആഘോഷങ്ങൾക്കായി നിരവധി സൗദി കുടുംബങ്ങളാണ് കുട്ടികളുമായി ഒത്തുകൂടിയത്. പല പ്രായക്കാരായകുട്ടികൾക്കായി അറബ് നാടൻ പാട്ടുകളും,പലതരം വിനോദങ്ങളുമാണ് ഇത്ര-യിൽ അരങ്ങേറിയത്. പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞ കുട്ടികളും യുവാക്കളുമടക്കമുളളവർ അണിനിരന്ന റാലിയും യുവാക്കളുടെ അറബ് നാടോടി നൃത്തവും അരങ്ങേറി. കഥ പറച്ചിൽ, കാർഡ് നിർമാണം, കുട്ടികളുടെ സംഗീത വേദി, ഗിർഗിയാൻ അലങ്കാരം ഒരുക്കുന്നതിന് പരിശീലനം തുടങ്ങിയവയും നടന്നു.
റമസാൻ 15നാണ് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ, ഇറാഖ് എന്നിവിടങ്ങളിൽ കുട്ടികളുടെ ഗർഗിയാൻ ആഘോഷം. ഇസ്‌ലാമിക വർഷത്തിൽ ഗിർഗിയാൻ ആഘോഷം നടത്തുന്നത് ഷാബാൻ 15-നും റമസാൻ 15-നും മാണ്. റമസാനിലെ ആനന്ദവും അനുഭൂതിയും ആഘോഷിക്കാൻ അയൽവാസികളെയും കുട്ടികളെയും ഒരുമിച്ച് കൊണ്ടുവരുന്ന, പ്രാദേശിക സമൂഹത്തെ അവരുടെ സാംസ്കാരിക ഭൂതകാലത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന ഒരു പാരമ്പര്യമാണ് ഗിർഗിയാൻ. ആഘോഷത്തിന്റെ ഭാഗമായി വീടുകൾ ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും. കടകളിലൊക്കെ കുട്ടികൾക്കാവശ്യമായ പലതരം സമ്മാനങ്ങളും മറ്റും വിൽപ്പനക്കെത്തിക്കും.