ഇക്കണോമിക് ഫോറത്തിൻ്റെ 2024 ഗ്ലോബൽ റിസ്ക് റിപ്പോർട്ടിന് വേണ്ടി സർവേ നടത്തിയ വിദഗ്ധരുടെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള ആളുകൾ അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണികളിലൊന്നാണ് ഫാൾസ് ഇൻഫർമേഷൻ അഥവാ വ്യാജ വാർത്തകൾ. ഇന്ത്യ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മറ്റൊന്നിനുമല്ല വ്യാജ വാർത്തകളുടെ പേരിലാണെന്ന് പറയേണ്ടി വരും.
വ്യാജ വാർത്തകളുടെ പ്രചാരണങ്ങളിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിക്കാൻ കാരണമായ 5 വ്യാജ വർത്തകളെപ്പറ്റിയാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അത്രത്തോളം ചർച്ചകൾക്ക് വഴിവെച്ചതാണ് ഈ വാർത്തകൾ.
ഒന്നാമത്തേത്, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയില്‍ ശ്രീരാമന്‍റെ ചിത്രം തെളിയിച്ചതാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷഠയോടനുബന്ധിച്ച് ആൺ ഈ പ്രചാരണം സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
രണ്ടാമത്തേത്, നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ആണ്. ശരിക്കും പറഞ്ഞാൽ രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയില്‍ ഡീപ് ഫേക്ക് എന്ന വിഷയം വലിയ ചര്‍ച്ചയായത് തന്നെ. കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്. സംഗതി ഫേക്ക് ആണെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. രശ്മികയ്ക്ക് പിന്തുണയറിയിച്ചും ഡീപ് ഫേക്ക് വീഡിയോയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ന് രംഗത്തെത്തിയിരുന്നു.
മൂന്നാമത്തേത്, ഇന്ത്യയുടെയും ഇറ്റലിയുടെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയുടെയും ജോർജിയ മെലോണിയുടെയും രണ്ട് ചിത്രങ്ങൾ ആണ്. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനു ശേഷം ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയുടെ ‘ഞാൻ പെട്ടെന്ന് ബീച്ചുകളെ സ്നേഹിക്കാൻ തുടങ്ങി, IYKYK’ എന്ന കുറിപ്പോടെ ഒരു എക്സ്’ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ടും വൈറൽ ആകാൻ തുടങ്ങി. എന്നാൽ ഇതിന്റെ യാഥാർഥ്യം പരിശോധിച്ചപ്പോൾ ലഭിച്ച വിവരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശന ഫോട്ടോകൾ 2024 ജനുവരി 4-ന് ആണ് പുറത്തുവന്നത്. എന്നാൽ ജോർജിയ മെലോണി തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് 2022 സെപ്റ്റംബറിലാണ്.
നാലാമത്തേത്, ഇന്ത്യ- ഓസ്ട്രേലിയ ലോക കപ്പ് വേദിയിലെ ഹനുമാൻ ചാലിസയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പ് ഫൈനൽ മത്സരം നടക്കുമ്പോൾ 1.5 ലക്ഷം പേർ ഒരുമിച്ച് ഹനുമാൻ ചാലിസ ചൊല്ലി എന്ന തരത്തിൽ ഒരു വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിരുന്നു. ഇവിടെ രണ്ടു കാര്യങ്ങളാണ് ഫാക്ട് ചെക്കിലൂടെ സ്ഥിതീകരിച്ചത്. ഒന്ന്, മറ്റൊരു വിഡിയോയിൽ നിന്നുള്ള ഹനുമാൻ ചാലിസ ഉപയോഗിച്ചിരിക്കുകയാണെന്നും, രണ്ട്, വൈറലായ വീഡിയോയിലെ രംഗങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ നിന്നുള്ളതാണെന്നും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനലല്ല.
അഞ്ചാമത്തേത്, ഒരു വ്യാജ വാർത്ത എങ്ങനെ കലാപത്തിലേക്കും രണ്ട് സ്ത്രീകളുടെ ജീവിതത്തിന്റെ താളം തെറ്റിച്ച നിലയിലേക്കും പോയി എന്നതിന്റെ തെളിവാണ്. ഡൽഹിയിൽ കൊലപാതകം നടത്തിയ ശേഷം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ചിത്രങ്ങൾ മണിപ്പൂരിലെ മെയ്‌തേയ് വിഭാഗത്തിൽപെട്ട സ്ത്രീയുടേതാണെന്ന തരത്തിൽ തെറ്റിദ്ധരിപ്പിച്ചു. ഇത് ചെയ്തത് കുക്കി വിഭാഗത്തില്പെട്ടവരാണെന്ന് പ്രചരിപ്പിച്ചു. പ്രചാരണം ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷം സൃഷ്ടിക്കുകയും കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ പരസ്യമായി നഗ്നരാക്കി നടത്തിക്കുകയും കൂട്ട ബലാത്സംഗത്തിനിറയ്‌യുകയും ഉണ്ടായി.
എന്നാൽ പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഡൽഹി സ്വദേശിയായ ആയുഷി ചൗധരിയെയാണ്. 21-കാരിയായ ആയുഷിയെ മറ്റൊരു ജാതിയിലുള്ളയാളെ വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് നിതേഷ് യാദവ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആയുഷിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത വാർത്തയും പുറത്തുവന്നിരുന്നു.
വ്യാജവാർത്തകൾ ഒരു തരി മതി. അവ സമൂഹത്തിൽ സൃഷ്ടിക്കുന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്തത്ര രൂക്ഷമായ പ്രശ്നങ്ങളായിരിക്കും. അതുകൊണ്ട് മുന്നിലെത്തുന്ന ഓരോ വാർത്തയും സൂക്ഷ്മമായി പരിശോധിക്കുക.