അബുദാബി ∙ കഴിഞ്ഞ ദിവസം മോസ്കോയിലെ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ പ്രധാന ഇടങ്ങൾ ഇന്നലെ (ഞായർ) വൈകിട്ട് റഷ്യൻ പതാകയുടെ നിറങ്ങളിൽ ദീപാലംകൃതമായി. ബുർജ് ഖലീഫ, അഡ്നോക് ആസ്ഥാനം, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം, അബുദാബി ഗ്ലോബൽ മാർക്കറ്റ് ആസ്ഥാനം, അബുദാബി സിറ്റി മുനിസിപ്പാലിറ്റി, അൽ ദഫ്ര സിറ്റി മുനിസിപ്പാലിറ്റി, ഖലീഫ യൂണിവേഴ്സിറ്റി, മുബദാല ആസ്ഥാനം, ഷെയ്ഖ് സായിദ് പാലം എന്നിവ ദീപാലംകൃതമായി.
ആക്രമണം ഒട്ടേറെ പേരുടെ ജീവൻ അപഹരിക്കുകയും അതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളെയും എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്ന യുഎഇ ആക്രമണത്തെ ഇതിനകം തന്നെ ശക്തമായി അപലപിച്ചിട്ടുണ്ട്.