തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതിൽ അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിട്ടിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.
വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഇമെയിൽ വഴി സർക്കാർ പെർഫോമ റിപ്പോർട്ട് കേന്ദ്ര ഏജൻസിക്ക് കൈമാറി.
പെർഫോമ റിപ്പോർട്ട് നേരിട്ട് സിബിഐക്ക് കൈമാറാൻ പൊലീസ് ഉദ്യോഗസ്ഥ ഡൽഹിയിലേക്ക് പോകും. സ്പെഷ്യൽ സെൽ ഡിവൈഎസ്പി എസ് ശ്രീകാന്താണ് ഡൽഹിക്ക് പോകുന്നത്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സി.ബി.ഐ കേസ് പരിഗണിക്കുക. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും റിപ്പോർട്ട് നൽകാത്തത് വിവാദമായിരുന്നു. തുടർന്ന് ക്ലിഫ് ഹൗസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് സിദ്ധാർത്ഥൻ്റെ പിതാവ് പറഞ്ഞിരുന്നു.
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറാത്തതിനാൽ വിമർശനവുമായി കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയതിൽ ഭയമുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു.