കൊച്ചി: മൂന്നാറിലെ കയ്യേറ്റത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തി. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 14 വർഷമായി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി മുന്നോട്ടുപോകുന്നില്ലെന്ന് വിമർശിച്ചു.
കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മൂന്നാറിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് എല്ലാ മാസവും രണ്ടുതവണ സിറ്റിങ് നടത്തിവരികയാണ്. കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും റിപ്പോർട്ട് ഇതുവരെ കോടതിയിൽ നൽകിയിട്ടില്ല. ഇതോടെയാണ് ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചത്.
എന്തുകൊണ്ട് ഇതെല്ലാം സംഭവിക്കുന്നെന്ന് കോടതി ചോദിച്ചു. 14 വർഷമായിട്ടും സർക്കാർ നടപടികൾ എങ്ങുമെത്തുന്നില്ലെന്നും മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിൽ അന്വേഷണം നടത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചയ്ക്ക് 1.45ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഹാജകരാകണമെന്ന് നിർദേശം. കളക്ടറുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്നിം ഒഴിപ്പിക്കൽ നടപടികൾക്കാവശ്യമായ പൊലീസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ നൽകാനുള്ള നിർദേശം മൂന്നാറിന് വേണ്ടി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ നിർദേശത്തിൻമേൽ യാതൊരു പുരോഗതിയും ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.