ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്ക. കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ യു എസ് സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിക്ക് നീതിയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടി ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
നീതിപൂർവകവും വിവേചനരഹിതവുമായ വിചാരണക്ക് കെജ്രിവാളിന് അവകാശമുണ്ടെന്ന് നേരത്തെ ജർമനി പ്രതികരിച്ചിരുന്നു. നിലവിലെ എല്ലാ നിയമപരമായ മാർഗങ്ങളും തടസ്സമില്ലാതെ ഉപയോഗപ്പെടുത്താനുള്ള അവകാശവും അതിൽ ഉൾപ്പെടുന്നുവെന്നും ജർമനി വ്യക്തമാക്കി.
പരാമർശത്തിൽ ഡൽഹിയിലെ ജർമൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി കേന്ദ്രസർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. “ഇത്തരം പരാമർശങ്ങൾ ഞങ്ങളുടെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമായി ഞങ്ങൾ കാണുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണിതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. തൊട്ടു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം വന്നത്.
അതേസമയം, അറസ്റ്റിനും ഇ.ഡി കസ്റ്റഡിക്കുമെതിരെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹരജി ഡൽഹി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. വ്യാഴാഴ്ച വരെയാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിന്‍റെ പേരിൽ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് കസ്റ്റഡിയിൽനിന്ന് ഡൽഹി ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഉത്തരവുകൾ ഇതിനകം കെജ്രിവാൾ ഇറക്കി.
അതേസമയം, അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നും ഡല്‍ഹിയില്‍ ശക്തമായ സമര പരിപാടികള്‍ നടന്നു. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താന്‍ ശ്രമിച്ച പഞ്ചാബ് മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ്, സോമനാഥ് ഭാരതി തുടങ്ങിയ മുതിർന്ന നേതാക്കളെയും ഇരുന്നൂറിലേറെ പ്രവർത്തകരേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകുന്ന വഴികളിൽ ഡൽഹി പൊലീസ് രാവിലെ തന്നെ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
സുരക്ഷാ കാരണങ്ങളാൽ ചില മെട്രോ സ്റ്റേഷനുകള്‍ ഇന്ന് അടച്ചിടുകയും ചെയ്ത്. എ എ പി പ്രവർത്തകർക്ക് പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പിയുടെ പ്രതിഷേധവും ഇന്ന് നടന്നു. ജയിലിലായ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവെക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം.