മോസ്കോ: റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ രണ്ടു മലയാളികൾ ഉടൻ നാട്ടിലേക്കു മടങ്ങും. പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്കു താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. തൊഴിൽ തട്ടിപ്പിന് ഇരയായി മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ റഷ്യയിലെ യുദ്ധഭൂമിയിൽ എത്തിയിരുന്നു.
വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഇവരെ തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ഇവർക്കു പുറമെ ടിനു പനിയടിമ, വിനീത് സിൽവ എന്നീ മലയാളികളും തട്ടിപ്പിനിരയായി, യുക്രെയ്നിൽ യുദ്ധം ചെയ്യാനുള്ള റഷ്യൻ സൈന്യത്തിനൊപ്പം അകപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. യുദ്ധഭൂമിയിൽ വച്ച് പ്രിൻസിനു മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന്റെ കാൽ മൈൻ സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തു.
ആർമി സെക്യൂരിറ്റി ഹെൽപർ ജോലിക്കായി ജനുവരി 3നാണ് ഇവർ റഷ്യയിലേക്ക് പോയത്. ശമ്പളമായി 1.95 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഏജന്റുമാർ ഇവരെ റഷ്യയിലെത്തിച്ചത്. തുടർന്ന് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിയോഗിക്കപ്പെടുകയായിരുന്നു. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.
Read more : ‘മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല’: കെ സുരേന്ദ്രൻ