തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികളെ പാലാരിവട്ടം പൊലീസ് പിടികൂടി. തമ്മനം കുത്താപ്പാടി സ്വദേശി ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചല്‍ എബ്രഹാം (34) എന്നിവരാണ് പിടിയിലായത്.
പാലാരിവട്ടം തമ്മനം ഭാഗത്തുള്ള VSERV EDU ABROAD എന്ന സ്ഥാപന ഉടമകളാണ് ഇരുവരും. യുകെയില്‍ കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് 50,000 രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് ഇവര്‍ കൈപ്പറ്റി കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അതേസമയം, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബിസിനസുകാരനില്‍ നിന്ന് 43 ലക്ഷം രൂപ കൈക്കലാക്കിയ മൂന്ന് യുവാക്കളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), യൂസഫ് സിദ്ദീഖ് (21), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷാക് (21) എന്നിവരാണ് പിടിയിലായത്.