‘നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ?’; 50 രൂപക്ക് പെട്രോൾ കിട്ടുമോയെന്ന ചോദ്യത്തിന് പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തിയാല്‍ 50 രൂപക്ക് പെട്രോൾ കിട്ടുമോയെന്ന ചോദ്യം പരിഹസിച്ചു തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. അങ്ങനെ നിരവധി പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്നത്. എ.കെ.ജി സെന്ററിൽനിന്ന് വരുന്ന ക്യാപ്‌സ്യൂളുകൾ മാധ്യമപ്രവർത്തകർ ഏറ്റെടുക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇത് എ.കെ.ജി സെന്ററില്‍ നിന്നല്ല താങ്കള്‍ തന്നെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെക്കാള്‍ ഗൗരവമുള്ള എത്ര വിഷയങ്ങളുണ്ട് ചര്‍ച്ച ചെയ്യാനെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും തനിക്കെതിരെ ക്യാപസ്യൂള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വയനാടിന്റെ പ്രശ്നങ്ങള്‍ പൂര്‍ണമായും പഠിച്ച് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് അങ്ങോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധന വേളയിലാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ കെ സുരേന്ദ്രന്‍ 50 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്‍ പറഞ്ഞത്. ഈ പ്രസ്താവനയുടെ പേരില്‍ രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധിക്കുമ്പോഴെല്ലാം കെ സുരേന്ദ്രനെ കോണ്‍ഗ്രസ്, സിപിഎം അണികള്‍ ട്രോളാറുണ്ട്.