ബംഗളുരു: ചിത്രദുര്‍ഗയിലെ രഞ്ജിതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതില്‍ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവ ശേഷം ഒളിവില്‍ പോയവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും ചിത്രദുര്‍ഗ പൊലീസ് സൂപ്രണ്ട് ധര്‍മേന്ദ്ര കുമാര്‍ മീണ മാധ്യമങ്ങളോട് പറഞ്ഞു.
പിതാവ് വെങ്കിടേഷ് നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ദര്‍ശന് പണം കടം നല്‍കിയവരുടെ മാനസിക പീഡനം മൂലമാണ് രഞ്ജിത ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്. ഇവര്‍ ദമ്പതികളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും വീടിന് സമീപത്ത് വന്ന് ദര്‍ശനുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. ഇതെല്ലാം രഞ്ജിതയെ മാനസികമായി തകര്‍ത്തി. ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.
ഭര്‍ത്താവ് ദര്‍ശന് പണം കടം കൊടുത്തവരില്‍ നിന്നുള്ള ശല്യം സഹിക്കാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് രഞ്ജിത ആത്മഹത്യ കുറിപ്പിലും പറഞ്ഞിരുന്നു. ദര്‍ശന്‍ പണമിടപാടുകാരില്‍ നിന്ന് 84 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. 2021-2023 കാലയളവിലെ ഐപിഎല്‍ സമയത്താണ് ഇത്രയും വലിയ തുക ദര്‍ശന്‍ കടമായി വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.
മാര്‍ച്ച് 18നാണ് രഞ്ജിതയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന് ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഒന്നര കോടിയോളം രൂപ നഷ്ടമായെന്നും ഇതിന് പിന്നാലെ ഭര്‍ത്താവിന് കടം കൊടുത്തിരുന്നവര്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ദര്‍ശന് ഒന്നര കോടിയോളം രൂപ വാതുവെപ്പിലൂടെ നഷ്ടമായെങ്കിലും പകുതിയിലധികം തുകയുടെ കടവും അയാള്‍ വീട്ടിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാതുവെപ്പില്‍ താത്പര്യമില്ലാതിരുന്ന ദര്‍ശനെ പ്രതികള്‍ നിര്‍ബന്ധിച്ചുവെന്നും പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയായി അത് പറഞ്ഞുകൊടുത്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.