പാലക്കാട്: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ഡോ. ടിഎൻ സരസുവിനാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. പ്രധാനമന്ത്രി ടിഎൻ സരസുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി കരുവന്നൂരിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്.
എൻഡിഎ വനിതാ സ്ഥാനാർഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടി.എൻ. സരസുവുമായുള്ള മോദിയുടെ സംഭാഷണം. സംസാരത്തിനിടെ, കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച വിഷയം സരസു പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചില വിവരങ്ങൾ തന്റെ പക്കലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സഹകരണ ബാങ്കുകളിൽനിന്ന് ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്ക് തിരികെ നൽകുമെന്നും അതിനുള്ള നിയമോപദേശം തേടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ വിഷയം ഉന്നയിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ടി.എൻ. സരസുവിനോട് പറഞ്ഞ അദ്ദേഹം, തട്ടിപ്പിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച വിവരങ്ങളും പ്രധാനമന്ത്രി തേടി.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം നീണ്ടു പോകുന്നതിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഹൈക്കോടതി വിമർശനം ഉയർത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഇ.ഡിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ 12 സഹകരണ ബാങ്കുകളിലെ അഴിമതികൾ കൂടി അന്വേഷിക്കാനുണ്ടെന്നായിരുന്നു ഇ.ഡിയുടെ മറുപടി.
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനുപിന്നാലെ കരുവന്നൂർ തട്ടിപ്പുകേസിൽ ആരോപണവിധേയരായ സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.