ബംഗളുരു: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ കോപ്പിയടിക്കാന്‍ സഹായിച്ച രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. വടക്കന്‍ കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലെ ഗവണ്‍മെന്റ് ബോയ്‌സ് പിയു കോളേജിലാണ് സംഭവം നടന്നത്.
സ്‌കൂളില്‍ സ്ഥാപിച്ച വെബ്കാസ്റ്റിംഗ് സൗകര്യം വഴിയാണ് ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിലുള്ള രണ്ട് അധ്യാപകരെ കോപ്പിയടിക്കാന്‍ വിദ്യാര്‍ഥികളെ സഹായിച്ചത് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷം മുതലാണ് പരീക്ഷാ ഹാളുകളുടെ വെബ്കാസ്റ്റിംഗ് സംസ്ഥാനത്ത് ആരംഭിച്ചത്. കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സ്‌കൂളിലെ അഞ്ച്, 11 നമ്പർ പരീക്ഷാഹാളുകളിലെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുന്ന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധപ്പെട്ട അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. രണ്ട് അധ്യാപകരെയാണ് ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. എട്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഈ വർഷം സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ പരീക്ഷയെഴുതുന്നത്. എസ്‌എസ്‌എല്‍സി പരീക്ഷയുടെ ആദ്യദിനം 13,468 വിദ്യാര്‍ഥികള്‍ ഹാജരായിരുന്നില്ല. പരീക്ഷക്കായി ആകെ രജിസ്റ്റര്‍ ചെയ്തത് 8,45,811 വിദ്യാര്‍ഥികളായിരുന്നു.
കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, ഉറുദു, ഇംഗ്ലീഷ്, ഇംഗ്ലീഷ് (എന്‍സിഇആര്‍ടി) ഉള്‍പ്പെടെയുള്ള ഒന്നാം ഭാഷാ വിഷയങ്ങളുടെ പരീക്ഷകളാണ് തിങ്കളാഴ്ച നടന്നത്. രജിസ്റ്റര്‍ ചെയ്ത മൊത്തം വിദ്യാര്‍ഥികളില്‍ 8,32,343 പേര്‍ പരീക്ഷയെഴുതി. ആദ്യ ദിനം ഹാജര്‍ നിരക്ക് 98.41 ശതമാനം ആണ്. കോപിയടിച്ചതിനെ തുടര്‍ന്ന് വിജയപുര സര്‍ക്കാര്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയെ ഡിബാര്‍ ചെയ്തു.