കാട്ടാക്കട: പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ മദ്രസാധ്യാപകന് വിവിധ വകുപ്പുകളിൽ ആയി 16 വർഷം കഠിന തടവും 60,000 പിഴയും വിധിച്ചു. നെടുമങ്ങാട് താലൂക്കിലെ കരകുളം ചെക്കക്കോണം, അഴിക്കോട്, മലയത്ത് പണയിൽ സജീന മൻസിൽ മുഹമ്മദ് തൗഫീഖ് (27) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി കോടതി ജഡ്ജി എസ് രമേഷ് കുമാർ വിധിച്ചത്.
പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതയ്ക്കും നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നു.
2019 ലാണ് കേസ് ആസ്പദമായ സംഭവം. സമീപത്തുള്ള അറബിക് സ്കൂളിൽ അറബി പഠനത്തിനായി എത്തിയ എട്ടു വയസുകാരിയെ ക്ലാസിനകത്തു വച്ച് പ്രതി മറ്റാരും കാണാതെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്നും, പുറത്ത് പറഞ്ഞാൽ അതിജീവിതയുടെ അമ്മയോട് വിവരങ്ങൾ പറയുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
മകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ മാതാവ് വിവരം തിരക്കിയപ്പോഴാണ് കുട്ടി വിവരങ്ങളെല്ലാം പറയുന്നത്. തുടർന്ന് വിളപ്പിശാല പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ആയിരുന്നു.