ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിൽ ഉള്ളവരെല്ലാം ഇന്ത്യക്കാരെന്ന് കപ്പൽ കമ്പനി. ദാലി കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നാണ് ഇപ്പോൾ കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പൽ നിയന്ത്രിച്ചിരുന്നത് മലയാളിയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ 20 പേരെ കാണാതായതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.
അതേസമയം, സംഭവത്തിൽ രക്ഷകരായി പ്രവർത്തിച്ചവരെ മേരിലാൻഡ് ഗവർണർ പ്രശംസിച്ചു. ഇന്ത്യക്കാരായ 22 കപ്പൽ ജീവനക്കാരുടെയും സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും ഗവർണർ വെസ് മൂർ പറഞ്ഞു.
നിയന്ത്രണം വിട്ട ഉടൻ തന്നെ കപ്പലിൽനിന്ന് ജീവനക്കാർ മുന്നറിയിപ്പ് സിഗ്നൽ നൽകിയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മുന്നറിയിപ്പിനു പിന്നാലെ പാലത്തിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കാനായത് അപകടത്തിന്റെ ആഘാതം കുറക്കാൻ ഇടയാക്കിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഉടൻതന്നെ മുന്നറിയിപ്പ് നൽകാൻ ജീവനക്കാർക്ക് സാധിച്ചതിൽ നന്ദി അറിയിക്കുന്നു. മുന്നറിയിപ്പ് ലഭിച്ചതിനാൽ പാലത്തിൽ കൂടിയുള്ള ഗതാഗതം പരമാവധി നിയന്ത്രിക്കാൻ സാധിച്ചു. അപകടത്തിന്റെ ആഘാതം കുറയ്കാക്കാൻ ഇത് കാരണമായെന്ന് ഗവർണർ പറഞ്ഞു.
സിംഗപ്പുർ പതാകയുള്ള ദാലി എന്ന സിനെർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ് അപകടത്തിൽപെട്ടത്. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം തകർന്നുവീഴുകയായിരുന്നു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിക്കുകയും ചെയ്തു.
കപ്പൽ പാലത്തിൽ ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. ഏപ്രിൽ 22-ന് കപ്പൽ കൊളംബോയിൽ എത്തിച്ചേരേണ്ടതായിരുന്നു. പനാമയിൽനിന്നും മാർച്ച് 19-നാണ് കപ്പൽ ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാൾട്ടിമോറിലേക്കെത്തി. അമേരിക്കൻ പ്രാദേശികസമയം 1.30-ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.