ഇസ്ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാര് ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് സംഭവം. ഡാസു വൈദ്യുത പദ്ധതിയിലെ എൻജിനീയര്‍മാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താന് പൗരനായ ഡ്രൈവറാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്ലാമാബാദില്‍നിന്ന് ബലൂചിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസുവില്‍ സ്ഥിതിചെയ്യുന്ന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടയിലാണ് എൻജിനീയര്‍മാരായ ചൈനീസ് പൗരന്മാര്ക്കുനേരെ ആക്രമണമുണ്ടായത്. ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ബലൂച് പോലീസ് നൽകുന്ന വിവരം.
സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അക്രമി ചൈനീസ് പൗരന്മാര് സഞ്ചരിച്ച വാഹനത്തിനുനേര്‍ക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് മേഖലാ പോലീസ് മേധാവിയായ മുഹമ്മദ് അലി ഗന്ഡാപൂര് പറഞ്ഞു.
ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബിഷാം പോലീസ് അറിയിച്ചു.
2021-ല്‍ ഷംഗ്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒമ്പത് ചൈനക്കാരുള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടിരുന്നു. ആറായിരം കോടി ഡോളര്‍ ചെലവിലുണ്ടാക്കുന്ന ചൈന- പാകിസ്താന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളിലായി ആയിരക്കണക്കിന് ചൈനക്കാര്‍ ജോലിചെയ്യുന്നുണ്ട്.
പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍ഫ്ലിക്റ്റ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് കണക്കുപ്രകാരം, ഫെബ്രുവരിയില്‍ മാത്രം 97 ഭീകരാക്രമണങ്ങള്‍ക്കാണ് പാകിസ്താന് സാക്ഷ്യം വഹിച്ചത്. ആക്രമണങ്ങളില്‍ 87 പേര് കൊല്ലപ്പെടുകയും 118 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.