ഗാസ: യുഎൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും ഗാസയിലെ യുദ്ധത്തിനു മാറ്റമുണ്ടാകുന്ന സൂചനയില്ല. ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 81 പലസ്തീൻകാർ കൊല്ലപ്പെട്ടു. 93 പേർക്കു പരുക്കേറ്റു.
ഗാസയിൽനിന്ന് പിൻവാങ്ങണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ മുന്നോട്ടുവച്ച നിർദേശങ്ങൾ ഹമാസ് നേരത്തേ തള്ളിയിരുന്നു. ഹമാസിന്റെ ആവശ്യങ്ങൾക്ക് വഴങ്ങില്ല എന്നാണ് നെതന്യാഹു ഇന്നലെ വ്യക്തമാക്കിയത്.
യുഎൻ പ്രമേയം അംഗീകരിക്കപ്പെട്ടതാണ് തങ്ങളുടെ വെടിനിർത്തൽ പദ്ധതി തള്ളാൻ ഹമാസിനു ധൈര്യം പകർന്നതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ആരോപിച്ചു. യുഎൻ പ്രമേയത്തെ അറബ് ലീഗും അറബ് പാർലമെന്റും സ്വാഗതം ചെയ്തു. വെടിനിർത്തൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഇതേസമയം, ദോഹയിൽ ചർച്ച തുടരുകയാണ്. യുദ്ധ വിരാമത്തിനും ഇസ്രയേലിൽനിന്നുള്ള ബന്ദികളെ ഹമാസ് വിട്ടയയ്ക്കുന്നതിനും വഴിയൊരുക്കാനുള്ള ചർച്ച പുരോഗമിക്കുകയാണെന്നാണു റിപ്പോർട്ടുകൾ. ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽത്തന്നെയാണ്.
ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ 32,414 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് യുഎന്നിന്റെ ദുരിതാശ്വാസ ഏജൻസി ഇസ്രയേലിനോട് ആവശ്യപ്പെട്ടു.