ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായക ദിനം. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് കെജരിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കെജരിവാളിന്റെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല. ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജരിവാള്‍ ജയിലില്‍ നിന്നും ഉത്തരവ് ഇറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി എത്തിയിട്ടുണ്ട്.
Read more : ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ വീട് ആക്രമിച്ചു
വിഷയത്തില്‍ കോടതി ഇടപെടല്‍ വേണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ സുര്‍ജിത് സിങ് യാദവ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കെജരിവാളിന്റെ അറസ്റ്റിനെതിരെ എഎപി ലീഗല്‍ സെല്‍ ആഹ്വാനം നല്‍കിയത് അനുസരിച്ച് ഡല്‍ഹിയിലെ കോടതികളില്‍ ഇന്ന് പ്രതിഷേധം ഉണ്ടാകും.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുക. ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.