ന്യൂഡൽഹി: ഉന്നം 400 കടക്കാനാണെങ്കിലും, അതിനുവേണ്ടി സഖ്യങ്ങൾ രൂപപ്പെടുത്താനുള്ള ബി.ജെ.പി ശ്രമം ക്ലച്ച് പിടിക്കാതെ ലക്ഷ്യം തെറ്റിയനിലയിൽ. ഏറ്റവുമൊടുവിൽ പഞ്ചാബിലും തെറ്റി. പഴയ സഖ്യകക്ഷി ശിരോമണി അകാലിദൾ വഴങ്ങിയില്ല. കർഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ സ്ഥലത്ത്, കർഷകവിരുദ്ധരെന്ന ‘പെരുമ’ നേടിയ ബി.ജെ.പിക്കൊപ്പം ചേർന്നാൽ തങ്ങൾക്ക് കിട്ടാനുള്ളതും ചോരുമെന്നാണ് അകാലിദളിന്റെ ഉൾഭയം. അതിനൊടുവിൽ, കാര്യമായ സ്വാധീനമില്ലാത്ത പഞ്ചാബിൽ ഇക്കുറി ബി.ജെ.പിയുടെ പോരാട്ടം ഒറ്റക്ക്.
ഒഡിഷയിലും സഖ്യശ്രമം പൊളിഞ്ഞു. സംസ്ഥാന ഭരണകക്ഷിയായ ബിജു ജനതാദളും ബി.ജെ.പിയും വെവ്വേറെയാണ് മത്സരം. ബി.ജെ.പിക്കൊപ്പം കൂടിയാൽ ശോഷിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് നവീൻ പട്നായികിന്റെ പാർട്ടി വിലയിരുത്തിയത്. കേന്ദ്രത്തിൽ പുറംപിന്തുണ നൽകുന്നതു പോലെയല്ല, ബി.ജെ.പിയുമായി സഖ്യം ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രണ്ടായി മത്സരിച്ചാലും വീണ്ടും ഭരണം കിട്ടിയാൽ ബി.ജെ.ഡി പാർലമെന്റിൽ കൈയയച്ചു സഹായിക്കുമെന്നാണ് ഒറ്റക്ക് മത്സരത്തിനിറങ്ങുമ്പോൾ ബി.ജെ.പിയുടെ പ്രതീക്ഷ.
പഞ്ചാബും ഒഡിഷയും മാത്രമല്ല സഖ്യശ്രമങ്ങൾ മിക്ക സംസ്ഥാനങ്ങളിലും പാളി. ബിഹാറിൽ ജനതാദൾ-യുവിനെ ഒപ്പം കൂട്ടാൻ കഴിഞ്ഞു. എന്നാൽ, ബിഹാറിലെ എൻ.ഡി.എ പാളയത്തിൽ പടയാണ്. ബി.ജെ.പി വല്യേട്ടനായി മാറിയത് ജെ.ഡി.യു നിശ്ശബ്ദം സഹിക്കുന്നു. എന്നാൽ, ജെ.ഡി.യുവിനെ സഹിക്കാൻ ചിരാഗ് പാസ്വാന്റെ എൽ.ജെ.പിക്ക് മനസ്സ് പോരാ. സീറ്റ് പങ്കിട്ടെടുത്തപ്പോൾ പുറത്തായ രാംവിലാസ് പാസ്വാന്റെ അനുജൻ പശുപതികുമാർ പരസ് സ്വന്തം പാർട്ടിയായ ആർ.എൽ.ജെ.പിയുമായി എൻ.ഡി.എയിൽനിന്ന് പുറത്തുകടന്നു.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന് ഭാരതരത്നം കൊടുത്തത് ഹരിയാനയിലെയും യു.പിയിലെയും കർഷക പാർട്ടികളെ ഉന്നമിട്ടാണ്. എന്നാൽ, യു.പിയിലെ ആർ.എൽ.ഡിയും നേതാവ് ജയന്ത് ചൗധരിയും ബി.ജെ.പി സഖ്യം വലിയ നേട്ടമായി കാണുന്നില്ല. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ, ഒതുക്കത്തിലാണ് സഖ്യം. ഹരിയാനയിലാകട്ടെ, ജെ.ജെ.പിയെ പിളർത്തിയും ഒതുക്കിയും മുഖ്യമന്ത്രിമാറ്റം നടപ്പാക്കിയുമാണ് ബി.ജെ.പി മുന്നോട്ടുനീങ്ങിയത്. ഒതുക്കപ്പെട്ട ദുഷ്യന്ത് ചൗതാല ബി.ജെ.പിയെ വെറുതെവിടില്ലെന്ന വാശിയിൽ.
Read more : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പി.ജി വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ സാമന്തനായി നിൽക്കുകയാണ് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെയെങ്കിലും മഹാരാഷ്ട്ര നവനിർമാൺ സേനക്കുവേണ്ടി എൻ.ഡി.എ സഖ്യത്തിന്റെ വാതിൽ ബി.ജെ.പി തുറന്നത് ഷിൻഡെപക്ഷത്തിന് പിടിച്ചിട്ടില്ല. എം.എൽ.എസുമായുള്ള നീക്കുപോക്കുകൾ സങ്കീർണം. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ വേറിട്ട വഴിയിൽ. ജെ.ഡി.എസ്-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയെന്ന വാർത്തയാണ് ചൊവ്വാഴ്ച കർണാടകത്തിലെ തുങ്കൂരിൽനിന്ന് പുറത്തുവന്നത്. രണ്ടു പാർട്ടികളിലെയും താഴെത്തട്ടിലെ പ്രവർത്തകർക്ക് ദഹനക്കേടായി മാറിയിട്ടുണ്ട്, സഖ്യം.
ആന്ധ്രപ്രദേശിൽ ടി.ഡി.പിയും ജനസേന പാർട്ടിയുമായി കൈകോർത്തത് ബി.ജെ.പിക്ക് പാർലമെന്റിൽ പുറംപിന്തുണ നൽകിപ്പോന്ന മുഖ്യമന്ത്രി ജഗൻ മോഹനും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിക്കും ദഹിച്ചിട്ടില്ല. ടി.ഡി.പിയാകട്ടെ, മെലിഞ്ഞൊട്ടിയ പാർട്ടിയാണിന്ന്. ഡൽഹിയിൽ ആറു സിറ്റിങ് എം.പിമാരെ മാറ്റേണ്ടിവന്നതടക്കം ബി.ജെ.പിക്കുള്ളിലെ പ്രശ്നങ്ങൾ -അതു വേറെ. 100ൽപരം സിറ്റിങ് എം.പിമാരെയാണ് ബി.ജെ.പി മാറ്റുന്നത്. ഇതിൽ പല മണ്ഡലങ്ങളിലും വിമതപ്രവർത്തനം നിരീക്ഷിച്ച് നേരിടാൻ ഏറുമാടം കെട്ടേണ്ട സ്ഥിതി.