കോഴിക്കോട് : ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് ട്രിപ് മുടക്കം പതിവാകുന്നു. ദേശീയപാതയിലൂടെയുള്ള ട്രിപ് മുടക്കം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. വയനാട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഇതുകാരണം ഏറെ പ്രയാസമനുഭവിക്കുന്നത്.
ചൊവ്വാഴ്ച ആറും തിങ്കളാഴ്ച 12ഉം ട്രിപ്പുകൾ മുടങ്ങി. മാനന്തവാടി, സുൽത്താൻ ബത്തേരി, എറണാകുളം, ചമ്രവട്ടം വഴി ഗുരുവായൂർ തുടങ്ങിയ സർവിസുകളാണ് തിങ്കളാഴ്ച മുടങ്ങിയത്. മാനന്തവാടി, സുൽത്താൻ ബത്തേരി, ഗുരുവായൂർ, എറണാകുളം തുടങ്ങി ആറു സർവിസുകൾ ചൊവ്വാഴ്ചയും മുടങ്ങി. ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. കണ്ടക്ടർമാർ ജോലിക്ക് ഹാജരായിട്ടും ഡ്രൈവർമാരില്ലാത്തതിനാൽ ജോലിക്കു കയറാനാകാതെ മടങ്ങുന്നത് പതിവുകാഴ്ചയാണ്.
Read more : കപ്പലിടിച്ച് ബാൾടിമോർ പാലം തകർന്ന സംഭവം : ആറു പേർ മരിച്ചതായി വിവരം : തിരച്ചിൽ നിർത്തിവെച്ചു
ആവശ്യത്തിന് ജീവനക്കാരില്ലാതെ കോഴിക്കോട്- തിരുവനന്തപുരം ബൈപാസ് റൈഡർ നടപ്പാക്കിയതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. മാത്രമല്ല, പകുതിയോളം ബൈപാസ് റൈഡർ സർവിസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നതാണ് ഡ്രൈവർ ക്ഷാമത്തിന് കാരണമെന്നാണ് കണ്ടക്ടർമാരുടെ ആരോപണം.
എന്നാൽ, ബൈപാസ് റൈഡർ രാത്രികാല സർവിസുകളിൽ മാത്രമാണ് ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നതെന്നും ഇക്കാരണത്താൽ സർവിസ് മുടങ്ങുന്നുവെന്ന ആരോപണം അടിസ്ഥാനഹിതമാണെന്നും ഡി.ടി.ഒ അറിയിച്ചു.