ഭക്ഷണം ആസ്വദിച്ചു കഴിച്ചതിനു ശേഷം അനുഭവപ്പെടുന്ന ഗ്യാസും, ദഹനം പ്രശ്നങ്ങളും നിത്യ ജീവിതത്തെ സാരമായി തന്നെ ബാധിക്കും. നമ്മുടെ ചില ശീലങ്ങളും, ഭക്ഷണ രീതിയുമാണ് ഇവയ്ക്കു കാരണമാകുന്നത്. ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും മികച്ച ആരോഗ്യം പ്രധാനം ചെയ്യും. ദഹനപ്രശ്നങ്ങൾ അകറ്റാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം?
ഭക്ഷണം കഴിച്ചതിന് ശേഷം കിടന്നുറങ്ങുക
ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. പലരും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ഇങ്ങനെ കിടന്നുറങ്ങാറുണ്ട്. ഈ ശീലം അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്ന ശീലം അവസാനിപ്പിക്കുക.
ഭക്ഷണം കഴിച്ചതിന് ശേഷം കുളിക്കുക
പലരും ഭക്ഷണം കഴിച്ചയുടന്‍ കുളിക്കാൻ പോകാറുണ്ട്. ഇതും നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. കുളിക്കുന്ന സമയം വയറിലേക്കുള്ള രക്തയോട്ടം കുറയാനും അത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കാനും കാരണമാകും.
ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുക
ഭക്ഷണം കഴിച്ചയുടന്‍ ധാരാളം വെള്ളമോ മറ്റേതെങ്കിലും ദ്രാവകങ്ങളോ കുടിക്കരുത്. ഇതും ചിലരില്‍ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാക്കാം. അതിനാല്‍ ഭക്ഷണം കഴിച്ചതിന് ശേഷം 20-30 മിനിറ്റ് ഇടവേളയെങ്കിലും നല്‍കിയതിന് ശേഷം മാത്രം കുറച്ച് വെള്ളം കുടിക്കാം
ചില വീട്ടുവൈദ്യങ്ങൾ നിങ്ങളുടെ ദഹനത്തെ സ്വാഭാവികമായി മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. നമ്മുടെ അടുക്കളയിൽ കാണുന്ന പലതും ഉപയോഗിച്ച് ഈ പ്രശനങ്ങൾ മാറ്റാം. എന്തൊക്കെയാണ് അവയെന്ന് നോക്കാം
ഇഞ്ചി
ദഹനക്കേടിനെ ശമിപ്പിക്കാനുള്ള ഏറ്റവും നല്ല പരിഹാരമാണ് ഇഞ്ചി. വളരെക്കാലം മുൻപേ തന്നെ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ഒരു കാര്യമാണിത്. ദഹനക്കേട്, ഓക്കാനം എന്നിവ ഒഴിവാക്കാൻ സഹായകമായ ആന്റിഓക്‌സിഡന്റുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ പ്രധാന ധാതുക്കളായ ഫിനോളിക് സംയുക്തങ്ങൾ ശരീരത്തിൽ ഗ്യാസ്ട്രിക് സംബന്ധമായ സങ്കോചങ്ങളെ കുറയ്ക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരവീക്കം കുറയ്ക്കുന്നതിനും ദഹനനാളത്തിന്റെ വീക്കങ്ങളെയും പ്രകോപനങ്ങളെയും തടഞ്ഞു നിർത്തുന്നതിന് ഇത് സഹായിക്കുന്നു.
നെല്ലിക്ക
നെല്ലിക്കയിൽ പോഷകസമ്പുഷ്ടമായ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയെ എളുപ്പത്തിലാക്കി കൊണ്ട് നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയെ സുഖപ്പെടുത്താൻ ഈ ഗുണങ്ങൾ സഹായിക്കുന്നു. ദഹനത്തെ സുഖപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ചേരുവകളിലൊന്നാണ് നെല്ലിക്ക എന്ന് പാരമ്പര്യ ഔഷധങ്ങളിൽ പോലും പറയപ്പെടുന്നു.
പെരുംജീരകം
ഫെൻചോൺ, എസ്ട്രാഗോൾ എന്നി രണ്ട് എണ്ണകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് പെരുംജീരകം. ഇവ ആമാശയത്തിൽ നിന്ന് ഗ്യാസിന്റെ പ്രശ്നങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഈ വിശേഷപ്പെട്ട എണ്ണകൾ ഗ്യാസ്ട്രിക് ജ്യൂസുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ദഹന പ്രക്രിയ സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശ്വാസകോശം, ആമാശയം, കുടൽ എന്നിവയിലെ പേശീ കോശങ്ങൾക്ക് വിശ്രമം നൽകാൻ സഹായിക്കുന്ന ആന്റിസ്പാസ്മോഡിക് ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് പെരുംജീരകം ചായയിൽ ചേർത്ത് കുടിക്കാം. അല്ലെങ്കിൽ വെറും വെള്ളത്തിൽ ചേർത്തും കുടിക്കാവുന്നതാണ്.
ഗ്രാമ്പൂ
ഗ്യാസ്ട്രിക് സ്രവങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് വയറ്റിൽ ഗ്യാസിന്റെ പ്രശ്നങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കുന്ന ധാതു പദാർത്ഥങ്ങൾ എല്ലാം ഗ്രാമ്പൂവിൽ വേണ്ടുവോളം അടങ്ങിയിട്ടുണ്ട്.
ഇത് മന്ദഗതിയിലുള്ള ദഹന പ്രക്രിയയെ വേഗത്തിലാക്കുന്നു. ഇതുവഴി വയറ്റിലെ സമ്മർദ്ദത്തെയും മലബന്ധത്തിന്റെ പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കുന്നു. ഓക്കാനം, ഛർദ്ദി എന്നിവ കുറയ്ക്കുന്നതിനും ഗ്രാമ്പൂ വളരെയധികം സഹായകമാണ്. വയറു വേദനയുള്ള ഒരാൾ ഉറങ്ങുന്നതിനു മുൻപ് 1 അല്ലെങ്കിൽ 2 ടീസ്പൂൺ പൊടിച്ചെടുത്തതോ അല്ലാത്തതോ ആയ ഗ്രാമ്പൂ 1 ടീസ്പൂൺ തേനിനോടൊപ്പം ചേർത്ത് കഴിക്കാം. ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് പരിഹാരമായി ചായക്ക് പകരം ഗ്രാമ്പൂ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ഇത് ദിവസവും ഒന്നോ രണ്ടോ തവണ കുടിക്കുകയും ചെയ്യാം.
ആപ്പിൾ സിഡെർ വിനാഗിരി
ദഹനക്കേടിനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണ് ആപ്പിൾ സിഡെർ വിനാഗിരി. ദഹനപ്രക്രിയയ്ക്ക് സഹായിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, തുടങ്ങിയത് ധാതുക്കളുടെ ഏറ്റവും മികച്ച ഉറവിടമാണിത്. ഇതിലെ വിനാഗിരിയിൽ അസിഡിക് സ്വഭാവമുള്ളതിനാൽ ഇത് ശരീരത്തിലെ കൊഴുപ്പുകളെ ഇല്ലായ്മ ചെയ്യാനും സഹായിക്കുന്നു.
ആപ്പിൾ സിഡെർ വിനാഗിരിയിൽ അസറ്റിക് ആസിഡുകൾ അതിലടങ്ങിയിരിക്കുന്ന കാരത്തിൻറെ ഗുണങ്ങളാൽ ദഹനത്തെ എളുപ്പത്തിൽ സുഖപ്പെടുത്തുന്നു. നിങ്ങൾക്ക് ആപ്പിൾ സിഡെർ വിനാഗിരി വെള്ളത്തോടൊപ്പമോ തേനിനോടൊപ്പമോ ചേർത്ത് കഴിക്കാവുന്നതാണ്. അസംസ്കൃതവും ഫിൽട്ടർ ചെയ്യാത്തതുമായ ആപ്പിൾ സൈഡർ വിന്നാഗിരികൾ വാങ്ങിച്ച് ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് മികച്ച ഫലങ്ങൾ ലഭ്യമാക്കാൻ സഹായിക്കും