ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 16 പുറത്തിറങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രം. പതിവുപോലെ ആപ്പിളിന്റെ പുതിയ ഫോണുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ മാറ്റങ്ങളാണ് ഇത്തവണ ഐഫോണിനുണ്ടാവുക എന്നാണ് വിവരം
എഐ ഫീച്ചറുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ റാന്‍ഡം ആക്‌സസ് മെമ്മറിയും (റാം) സ്റ്റോറേജും നല്‍കിയാണ് ഐഫോണ്‍ 16 മോഡലുകള്‍ എത്തുകയെന്നാണ് വിവരം. നിലവില്‍ ഐഫോണ്‍ 15 പ്രോയില്‍ എട്ട് ജിബി റാം ആണ് ആപ്പിള്‍ നല്‍കുന്നത്. ഐഫോണ്‍ 15 ലും 15 പ്ലസിലും 6 ജിബി റാമുമാണ്.
ഐഫോണ്‍ 16 ല്‍ കൂടുതല്‍ റാം, സ്‌റ്റോറേജ് എന്നിവ ഉണ്ടാകുമെന്നാണ് എക്‌സ് ഉപഭോക്താവായ ടെക്ക് റീവ് പറയുന്നത്. പിക്‌സല്‍ 8 പ്രോ, ഗാലക്‌സി എസ്24 എന്നിവയ്ക്ക് സമാനമായി ഐഫോണില്‍ എഐ അനുഭവം സാധ്യമാക്കുന്നതിന് വേണ്ടിയാണ് അധിക മെമ്മറിയെന്നും ടെക്ക് റീവിന്റെ പോസ്റ്റില്‍ പറയുന്നു.
നാന്റ് ഫ്‌ളാഷ് അധിഷ്ഠിത സ്റ്റോറേജ് ഉപയോഗിക്കുന്ന ഏക സ്മാര്‍ട്‌ഫോണ്‍ ബ്രാന്റാണ് ഐഫോണ്‍. ഇതിനാല്‍, സ്‌റ്റോറേജിന്റെ വേഗത ഒരു പ്രശ്‌നമാവില്ല. എങ്കിലും കമ്പനി 256 ജിബി സ്റ്റോറേജ് ഓപ്ഷനോടുകൂടിയ ഐഫോണ്‍ 16 സീരീസ് ഈ വര്‍ഷം അവതരിപ്പിച്ചേക്കും.
പിക്‌സല്‍ 8 പ്രോ, പിക്‌സല്‍ 8 ഫോണുകളില്‍ ഒരേ പ്രൊസസര്‍ ആയിരുന്നിട്ടും മെമ്മറി ഇല്ലാത്ത കാരണം കൊണ്ടാണ് പിക്‌സല്‍ 8 ല്‍ ജെമിനി നാനോ ഓണ്‍ ഡിവൈസ് സേവനങ്ങള്‍ ലഭിക്കാത്തത്. ഇക്കാരണം കൊണ്ടു തന്നെ എഐ ഫീച്ചറുകള്‍ക്ക് വേണ്ടി കൂടുതല്‍ മെമ്മറി ആപ്പിള്‍ അനുവദിച്ചേക്കും. ജെമിനി എഐ ഐഫോണില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന അഭ്യൂഹങ്ങളും ഉണ്ട്.
ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ആപ്പിള്‍ പുതിയ ഐഒഎസ് 18 അവതരിപ്പിക്കും. എഐ ഫീച്ചറുകള്‍ ഉള്‍പ്പടെയുള്ളവ ഈ പരിപാടിയില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്