കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസ് തലകീഴായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജീവനക്കാര്‍ നിരന്തരം കുറ്റം പറയാറുണ്ട്. അത്തരം കുറ്റപ്പെടുത്തലൊക്കെ സ്വന്തം കുറ്റം മറച്ചുവെയ്ക്കാനായിരിക്കും എന്നാണ് പൊതുസമൂഹം കരുതിയിരുന്നത്. എന്നാല്‍, കുറച്ചുദിവസങ്ങളായി കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസിന്റെ ഇടപെടലുകളും നടപടികളും ജീവനക്കാര്‍ പറഞ്ഞതിനെ ശരിവെയ്ക്കുന്നുണ്ട്. ‘ തല നേരെ അല്ലെങ്കില്‍ പിന്നെ വാലെങ്ങനെ ശരിയാകും.’ അപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ തലയായ ചീഫ് ഓഫീസ് നേരെയല്ല എന്നതാണ് വസ്തുത.
ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരെ നേരെയാക്കാന്‍ ഒരു വിചിത്ര സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. ചീഫ് ഓഫീസിലെ ജീവനക്കാരും, ഓഫീസര്‍മാരും ജോലിക്കു ഹാജരാകുന്നത് സംബന്ധിച്ച് എന്നതാണ് സര്‍ക്കുലറിലെ വിഷയം. ‘ചീഫ് ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, ഓഫീസര്‍മാര്‍, ഷിഫ്റ്റ് ഡ്യൂട്ടിയിലുള്ളവര്‍ ഉള്‍പ്പെടെ കൃത്യസമയത്ത് ജോലി തുടങ്ങേണ്ടതാണ്’. കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് ചീഫ് ഓഫീസിലുള്ള ഉദ്യോഗസ്ഥരോട് ഇത്തരമൊരു സര്‍ക്കുലറിലൂടെ കൃത്യസമയത്ത് ജോലി തുടങ്ങണമെന്ന് പറയാന്‍ കാരണമെന്താണ്. അതായത്, ചീഫ് ഓഫീസില്‍ ഒരാളുപോലും കൃത്യമായി ജോലി ചെയ്യുന്നില്ല എന്നല്ലേ.
തോന്നിയ സമയത്ത്, തോന്നിയ രീതിയില്‍ ജോലി ചെയ്യുന്ന അവസ്ഥയാണ് അവിടെ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. ഇല്ലെങ്കില്‍ എല്ലാവരും കൃത്യ സമയത്ത് ജോലി തുടങ്ങാന്‍ വേണ്ടി സര്‍ക്കുലര്‍ ഇറക്കില്ലായിരുന്നു. ഒരു സര്‍ക്കുലര്‍ ഇറക്കി ജോലി ചെയ്യിക്കേണ്ട ഗതികേടിലേക്ക് ചീഫ് ഓഫീസിനെ എത്തിച്ചത് യൂണിയന്‍ പ്രവര്‍ത്തകരാണെന്നാണ് സൂചന. പാര്‍ട്ടി പ്രവര്‍ത്തനത്തിനായി നേതാക്കന്‍മാരെല്ലാം ചീഫ് ഓഫീസില്‍ അടിഞ്ഞു കൂടിയിരിക്കും. എന്നിട്ട്, തൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നു എന്ന വ്യാജേന ചീഫ് ഓഫീസിലെ ജോലികള്‍ ചെയ്യാതെ നടക്കും.
ഇതു കൂടാതെ, യൂണിയന്‍ പ്രവര്‍ത്തനം നടത്താനായി ജീവനക്കാരെയും ജോലി ചെയ്യിക്കാതെ വിളിച്ചുകൊണ്ടു പോകും. ഈ പ്രവണതയ്ക്ക് തടയിടാനാണ് എം.ഡി. ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ചീഫ് ഓഫീസില്‍ നിന്നും തന്നെ ലഭിക്കുന്ന വിവരം. എന്നാല്‍, യൂണിയന്‍ പ്രവര്‍ത്തകരുടെ ശല്യം മാത്രമല്ല, ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരും ജോലി ചെയ്യാന്‍ കൃത്യമായി എത്തുകയോ, ജോലി എടുക്കുകയോ ചെയ്യുന്നില്ല എന്നാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മെക്കാനിക്കുകളും പറയുന്നത്.
ശമ്പളം കൃത്യമായി കിട്ടുന്നതോയില്ല, മാന്യമായ പെരുമാറ്റമെങ്കിലും ചീഫ് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്നില്ലെന്നതാണ് കഷ്ടം. എന്തെങ്കിലും പരാതി പറയാന്‍ ചെന്നാലോ, ആവശ്യങ്ങള്‍ക്ക് പോയാലോ നാലാംകിട പൗരന്‍മാരോടുള്ള പെരുമാറ്റമാണ് കിട്ടുന്നതെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. നേരേ ചൊവ്വേ ജോലിചെയ്യാത്തതു കൊണ്ടാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും കോടികള്‍ തിരിമറി നടക്കുന്നതും, വലിയ അഴിമതികള്‍ ഉണ്ടാകുന്നതും, ഫയലുകള്‍ മോഷണം പോകുന്നതുമൊക്കെ.
ഐഎ.എസുകാരും, ഐപി.എസുകാരും മാറിമാറി എം.ഡി ആയിട്ടും, മന്ത്രിമാര്‍ മാറി വന്നിട്ടുമൊന്നും കെ.എസ്.ആര്‍.ടി.സി ഗതി പിടിക്കാത്തതിനു പ്രധാന കാരണവും ഇതൊക്കെയാണ്. ജോലിക്കു കൂലി എന്ന സാമാന്യ ബുദ്ധിയില്‍ ജോലി ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസില്‍ ഒരു ഉദ്യോഗസ്ഥന്‍ പോലുമില്ലെന്നതാണ് പുതിയ സര്‍ക്കുലര്‍ വെളിവാക്കുന്നത്. എന്നാല്‍, നേരം തെറ്റാതെയും, ഓട്ടം മുടക്കാതെയും നിരന്തരം കേരളത്തിന്റെ നിരത്തുകളില്‍ തലങ്ങും വിലങ്ങും ബസോടിച്ച് ഓരോ ദിവസവും ഒരു രൂപയെങ്കിലും കോര്‍പ്പറേഷന് അധികം വരുമാനമുണ്ടാക്കുകയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍.
ജോലി ചെയ്യുന്നവര്‍ക്ക് കൂലി കൊടുക്കാനും, വായ്പകള്‍ക്ക് തിരിച്ചടവും, ഡീസലിനുമെല്ലാമുള്ള വരുമാനം ജീവനക്കാര്‍ ടിക്കറ്റ് വരുമാനത്തില്‍ നിന്നും കണ്ടെത്തുന്നുണ്ട്. എന്നാല്‍, ഇതൊന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും തികയുന്നില്ല എന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്‌നം. നാടോടുമ്പോള്‍ നടുവേ ഓടിയിട്ടും ജീവന്‍ പോകുന്നതു മാത്രം മിച്ചമെന്ന അവസ്ഥയിലായിരിക്കുകയാണ് തൊഴിലാളികള്‍.
എങ്ങനെയൊക്കെ ടിക്കറ്റ് വരുമാനം കൂട്ടിയാലും ശമ്പളം കിട്ടാന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതും കാത്തിരിക്കേണ്ട ഗതികേട് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാക്കിയത് ചീഫ് ഓഫീസിലെ കുഴിമടിയന്‍മാരാണെന്ന് നിസ്സംശയം പറയാനാകും. ഇല്ലെങ്കില്‍ എം.ഡി.ക്ക് ഇങ്ങെയൊരു സര്‍ക്കുലര്‍ ചീഫ് ഓഫീസിലേക്കു മാത്രം ഇറക്കേണ്ടി വരില്ലായിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്നലെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ രണ്ടാംഗഡു ശമ്പളം കിട്ടിയത്.
രണ്ടു ദിവസം മുമ്പ് സര്‍ക്കാര്‍ സഹായമായ 30 കോടി അനുവദിച്ചതു കൊണ്ടാണ് ഇന്നലെയെങ്കിലും രണ്ടാം ഗഡു കിട്ടിയത്. കഴിഞ്ഞ 15ന് രാത്രിയാണ് ശമ്പളത്തിന്റെ ആദ്യഗഡു കിട്ടിയത്. അടുത്ത മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡുവിനെ കുറിച്ച് അടുത്ത സമയത്തൊന്നും ചിന്തിക്കണ്ടെന്നാണ് ലഭിക്കുന്ന സൂചന. സാമ്പത്തിക വര്‍ഷാവസനാം ആയതു കൊണ്ടും, ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ടും കോര്‍പ്പറേഷന്‍ മാനേജ്‌മെന്റ് ജീവനക്കാരുടെ മുമ്പില്‍ പൊട്ടന്‍കളിക്കുമന്നുറപ്പാണ്. അപ്പോഴും ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിടാന്‍ തൊഴിലാളികള്‍ ജീവന്‍ പണയംവെച്ചുള്ള ഓട്ടത്തിലായിരിക്കും.