യു.എ.ഇ.യിൽ ഈ വർഷം ശമ്പളവർധനയ്ക്ക് സാധ്യതയെന്ന് സർവേ റിപ്പോർട്ട്

അബുദാബി: യു.എ.ഇ.യിൽ ഈവർഷം വിവിധമേഖലകളിൽ ശമ്പളവർധനയ്ക്ക് സാധ്യത. ആഗോള കൺസൾട്ടൻസിയായ മെർസർ മിഡിലീസ്റ്റ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പണപ്പെരുപ്പത്തിൽ 2.3 ശതമാനം വർധനയുണ്ടായതിനാൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ശരാശരി ശമ്പളം ഈവർഷം വർധിക്കുമെന്നാണ് റിപ്പോർട്ട്.

ഊർജകമ്പനികളിൽ ജോലിചെയ്യുന്നവർക്ക് ഈവർഷം 4.3 ശതമാനം ശമ്പളവർധനയുണ്ടായേക്കും. കൺസ്യൂമർ ഗുഡ്‌സ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശരാശരി 4.1 ശതമാനം വർധനയുണ്ടാകും. ലൈഫ് സയൻസ്, ഹൈടെക് കമ്പനികൾ എന്നിവിടങ്ങളിൽ ഏകദേശം നാലുശതമാനമാണ് വർധന പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം യു.എ.ഇ.യിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ശരാശരി ശമ്പളത്തിൽ 4.1 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.

അതേസമയം, യു.എ.ഇ. തൊഴിൽവിപണിയിൽ സ്ഥിരതയും വളർച്ചയുമുണ്ടെങ്കിലും ജീവിതച്ചെലവ് വലിയ പ്രശ്നങ്ങളിലൊന്നാണെന്ന് മെന മേഖലയിലെ കരിയർ പ്രിൻസിപ്പൽ ആൻഡ്രൂ എൽ സെയിൽ പറഞ്ഞു.

പ്രധാനമായും കഴിഞ്ഞ രണ്ടുവർഷമായി താമസവാടകയിൽ വലിയ വർധനയാണ് ഉണ്ടായത്. കോവിഡിന് ശേഷം രാജ്യത്തേക്കുള്ള വിദേശതൊഴിലാളികളുടെ വരവ് വർധിച്ചതോടെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി താമസവാടക ക്രമാതീതമായി വർധിപ്പിച്ചതായി താമസക്കാരും പരാതിപ്പെട്ടിരുന്നു.

എന്നാൽ, ഒട്ടേറെ പ്രാദേശിക-ബഹുരാഷ്ട്ര സ്ഥാപനങ്ങൾ ഉള്ളതിനാൽ തൊഴിൽ ലഭിക്കാൻ ഏറ്റവും ആകർഷകമായ ഇടംകൂടിയാണ് യു.എ.ഇ. മെർസർ മിഡിലീസ്റ്റ് റിപ്പോർട്ട് പ്രകാരം യു.എ.ഇ.യിലെ 16.3 ശതമാനം കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

ഏതാണ്ട് 7.8 ശതമാനം കമ്പനികൾ തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. അതേസമയം 75.9 ശതമാനം കമ്പനികൾ തൊഴിലാളികളുടെ എണ്ണം കൂട്ടാനോ കുറയ്ക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും സർവേ റിപ്പോർട്ട് പറയുന്നു.

Read Also: മിസ് യൂണിവേഴ്സില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ