ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റിൽ നിന്നുള്ള എഞ്ചിനീയർമാരെ ലക്ഷ്യമിട്ട് മെറ്റ രംഗത്തിറങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് ചെറിയ പ്രതീക്ഷയ്ക്ക് വക നൽകുന്നത്. മെറ്റ തലവൻ മാർക്ക് സക്കർബർഗ് തന്നെ നേരിട്ട് ഇമെയിൽ വഴി ഇവരെ ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദി ഇൻഫർമേഷൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എഐയ്ക്ക് മെറ്റ എത്രത്തോളം പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇമെയിൽ സന്ദേശങ്ങളെന്നും എഐ വിദഗ്ധരുടെ സഹകരണം പ്രതീക്ഷിക്കുന്നതായി സക്കർബർഗ് പറയുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഡീപ്പ് മൈന്റ് എഞ്ചിനീയർമാരിൽ ഒരാൾ പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അഭിമുഖം ഇല്ലാതെ തന്നെ ഇവർക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യുകയാണ്. ശമ്പളവുമായി ബന്ധപ്പെട്ട വിലപേശൽ നയങ്ങൾ ഇതിനായി കമ്പനി പരിഷ്കരിക്കുകയും ചെയ്തു. ഇതുവഴി ഉയർന്ന ശമ്പളവും ആകർഷകമായ വാഗ്ദാനങ്ങളുമാണ് മെറ്റ നൽകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എതിരാളിയായ ഗൂഗിളിനെ തന്നെയാണ് മെറ്റ നോട്ടമിട്ടിരിക്കുന്നത്. എഐ വിപണിയിൽ മത്സരിക്കാൻ തങ്ങളുടെ വിഭവശേഷി ശക്തിപ്പെടുത്താനുള്ള മെറ്റയുടെ ശ്രമം അതിനുദാഹരണമാണ്.
കഴിഞ്ഞ വർഷം പുതിയ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റർ പ്ലാറ്റ്ഫോം മെറ്റ അവതരിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഡാൽഇ, ലിയനാർഡോ എഐ, മിഡ്ജേണി എന്നീ പ്ലാറ്റ്ഫോമുകൾക്ക് സമാനമാണിത്. ഇതിലൂടെ സാധാരണ ഭാഷയിൽ തന്നെ നിർദേശങ്ങൾ നല്കി എഐ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാമെന്നാണ് മെറ്റ പറയുന്നത്. അതിനു മുൻപ് ഗൂഗിൾ ജെമിനി അവതരിപ്പിച്ചപ്പോൾ തന്നെ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി പോലെയുള്ളവയോട് മത്സരിക്കാൻ തന്നെ ഉറപ്പിച്ചാണ് ഗൂഗിൾ ജെമിനി എഐ അവതരിപ്പിച്ചതെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു.
പുതിയ എഐ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികൾക്ക് ഉത്തരം നൽകാൻ ജെമിനി ഉപയോഗിച്ച് ഗൂഗിളിന് കഴിയുമെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായങ്ങൾ. ഓരോ സാങ്കേതിക മാറ്റവും ശാസ്ത്രീയ കണ്ടുപിടിത്തം മുന്നോട്ട് കൊണ്ടുപോകാനും മനുഷ്യ പുരോഗതി ത്വരിതപ്പെടുത്താനും ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരമാണെന്നാണ് പിച്ചൈ തന്റെ ബ്ലോഗിൽ കുറിച്ചത്.