എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്കും സർക്കാരിനും തിരിച്ചടി നൽകുന്ന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടിക്കേസിൽ ഇഡി കേസെടുത്തു. കൊച്ചി എൻഫോഴ്സ്മെൻ്റ് യൂണിറ്റാണ് എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ.) രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം തുടരുന്നതിനിടയിലാണ് ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കും ഇഡി അന്വേഷണ പരിധിയിൽ വരും. എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവരും അന്വേഷണ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’, കൊച്ചിയിലെ കരിമണൽ കമ്പനി സിഎംആര്‍എല്‍, കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്.
എസ്എഫ്ഐഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ബാങ്ക് മുഖാന്തിരം തന്നെയാണ് നടന്നിരിക്കുന്നത്. എന്നാല്‍ അനര്‍ഹമായ പണമായതിനാല്‍ തന്നെ കള്ളപ്പണമായി കണ്ട് ഇതില്‍ ആദായനികുതി വകുപ്പ് ഇടപെടാമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. പ്രാഥമിക നടപടികൾ ആരംഭിച്ച ഇഡി ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നൽകാത്ത സേവനത്തിന് ലക്ഷങ്ങൾ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം.
അന്വേഷണത്തിൽ വിവാദ കരിമണല്‍ കമ്പനി എക്സാലോജിക്കിന് കൈമാറിയ തുക അഴിമതി പണമാണെന്ന് തെളിഞ്ഞാല്‍ അത് മുഖ്യമന്ത്രിക്കും കുരുക്കാകും. മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ചാണ് വീണ സിഎംആര്‍ല്ലില്‍ നിന്നും പണം കൈപ്പറ്റിയതെന്നാണ് ആദായ നികുതി വകുപ്പ് ഇടക്കാല തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറിയത്.
സാന്റാമോണിക്ക, ജെഡിടി ഇസ്ലാമിക്, അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റി, കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ പല സ്ഥാപനങ്ങളും ചെറുതും വലുതുമായ തുക എക്സാലോജിക്കിന് കൈമാറിയിട്ടുണ്ട്.
ഈ തുകയ്ക്ക് സേവനം ലഭിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇഡിയും പരിയോസിക്കുക.12 സ്ഥാപനങ്ങളില്‍ നിന്നും ഇതിനോടകം സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഉള്‍പ്പടെ എസ്എഫ്ഐഒ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങളും ഇഡിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. എക്സാലോജിക്കുമായി സംശയകരമായ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ എസ്എഫ്ഐഒ താമസിയാതെ ചോദ്യം ചെയ്യാനാരിക്കെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇഡി അന്വേഷണം ആരംഭിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ടാണെന്നാണ് വിലയിരുത്തലുകൾ. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ് ഇലക്ഷൻ കാലത്തെ കേന്ദ്ര ഏജൻസിയുടെ നടപടിക്ക് പിന്നിൽ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ ആദ്യ പ്രതികരണം.
കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരത്തിൻ്റെ വീട്ടിൽ മതിൽ ചാടിക്കടന്ന നടപടികൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. രാജ്യത്തെ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ഇഡി വേട്ടയാടിയപ്പോൾ നിരവധി ആരോപണമുണ്ടായിട്ടും കേരളത്തിലേക്ക് ഇഡി തിരിഞ്ഞു നോക്കിയില്ല.
ഇത് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും തമ്മിലുള്ള അന്തർധാരയാണ് സൂചിപ്പിക്കുന്നത് എന്നതടക്കമുള്ള ഒളിയമ്പുകളും പ്രതിപക്ഷ നേതാവ് ഇന്ന് തൊടുത്തു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന ധ്വനിയാണ് പ്രതിപക്ഷ നേതാവിൻ്റെ വാക്കുകളിലുള്ളത്.
അതേസമയം, വരും ദിവസങ്ങളിൽ ഇഡി നടപടി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ ചലനങ്ങളുണ്ടാക്കാനാണ് സാധ്യത. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ പാർട്ടി നേതാൾക്ക് എതിരായി കേന്ദ്രം ഉപയോഗിക്കുന്നു എന്ന പതിവ് ആരോപണം ഉയർത്തിയാവും സിപിഎം ഇതിനെ പ്രതിരോധിക്കുക.