ചെന്നൈ: ചെപ്പോക്കില്‍ സ്വന്തം തട്ടകത്തിൽ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയ്ക്ക് ജയം. ശക്തരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. അങ്ങനെ ലീഗ് മത്സരങ്ങളിൽ ഇതുവരെ ടൈറ്റൻസിനെ പരാജയപ്പെടുത്തിയിട്ടില്ല എന്ന നാണക്കേട് പുതിയ ക്യാപ്റ്റന് കീഴിൽ മാറ്റി സിഎസ്കെ. സ്‌കോര്‍-ചെന്നൈ: 206/6 (20 ഓവര്‍). ഗുജറാത്ത്: 143/8 (20 ഓവര്‍).
ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും (36 പന്തില്‍ 46 റണ്‍സ്) രചിന്‍ രവീന്ദ്രയും (20പന്തില്‍ 46) ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. ശിവം ദുബെയുടെ കൂറ്റനടികളും പത്തൊൻമ്പതാം ഓവർ എറിയാൻ എത്തിയ റഷീദ് ഖാനെ 2 സിക്സുകൾ ഉൾപ്പെടെ 15 റൺസ് നേടി തന്റെ ഐപിൽ വരവ് ഗംഭീരമാക്കിയ സമീർ റിസ്‌വി കൂടിയായതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റൺസെന്ന മികച്ച സ്കോറിലെത്താനായി. 23 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ശിവം ദുബെ തന്നെയാണ് കളിയിലെ താരവും.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഒരിക്കൽ പോലും നിലയുറക്കാൻ ചെന്നൈ ബൗളർമാർ അനുവദിച്ചില്ല. പവര്‍ പ്ലേയ്ക്കുള്ളില്‍ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെയും നായകന്‍ ശുഭ്മാന്‍ ഗില്ലിനെ
ദീപക് ചാഹര്‍ കൂടാരത്തിലെത്തിച്ചു. പിന്നെ ക്രീസിൽ എത്തിയ വിജയ് ശങ്കറും (12 പന്തില്‍ 12)
റണ്‍സെടുത്ത് ഡേവിഡ് മില്ലർ (16 പന്തില്‍ 21) അസ്മത്തുള്ള ഒമര്‍സായ് (11), റാഷിദ് ഖാന്‍ (1), രാഹുല്‍ തെവാട്ടിയ (6) എന്നിവരും പെട്ടന്ന് മടങ്ങിയതോടെ ഗുജറാത്ത് ഐപിൽ ൽ അവരുടെ ആദ്യ തോൽവി അറിഞ്ഞു. 31 പന്തില്‍ 37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനായി അൽപ്പമെങ്കിലും പൊരുതിയത്.
ചെന്നൈക്കു വേണ്ടി ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്താഫിസുര്‍റഹ്‌മാന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഡറില്‍ മിച്ചലിനും മതീശ പതിരണയ്ക്കും ഓരോ വിക്കറ്റ്. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സായ് കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.