പാപനാശത്ത് തിരയില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുന്നു

.

പാപനാശം കടലില്‍ തിരയില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ ഇപ്പോഴുംതുടരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഞ്ചല്‍ സ്വദേശി അഖിലി (21)നെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ഇന്നലെ രാത്രി 7.15ഓടെ പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലില്‍ കാണാതാകുകയായിരുന്നു.

രാത്രി വൈകിയും കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. താലൂക്ക് തഹസില്‍ദാര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍മാര്‍ എന്നിവര്‍ ഇന്നലെ രാത്രി സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ തന്നെയാണ് തിരച്ചില്‍ നടക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്. ഉച്ചയോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവും എന്നാണ് ലഭിക്കുന്ന വിവരം.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വര്‍ക്കലയിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്ന് അപകടം ഉണ്ടായിരുന്നു. ഇതില്‍ പതിനഞ്ചു പേരോളം കടലില്‍ വീഴുകയും ചെയ്തു. എന്നാല്‍, ആര്‍ക്കും ഗുരുതരാവസ്ഥയില്ലായിരുന്നു. പാപനാശത്ത് കടല്‍ക്ഷോഭം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. വിനോദ സഞ്ചാരികള്‍ സൂക്ഷിക്കണമെന്നാണ് ജില്ലാ അധികാരികള്‍ പറയുന്നത്.