ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥികളെ പറ്റി പല തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുകയാണ് നമ്മുടെ ശൈലജ ടീച്ചറെ പറ്റിയുള്ള ഒരു വാർത്തയും. വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ ആരോഗ്യ മന്ത്രിയും ആയ കെ.കെ ശൈലജ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. “ഗുജറാത്തിലെ ആര്‍.എസ്.എസ് ചടങ്ങില്‍ മുഖ്യാതിഥിയായി മന്ത്രി കെ.കെ ശൈലജ” എന്നുള്ള വാര്‍ത്താ കാര്‍ഡിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
“RSS പരുപാടിയില്‍ പങ്കെടുക്കുന്ന ശൈലജയാണോ ബിജെപിക്കെതിരെ ലോകസഭയിലേക്ക് പോകേണ്ടത്..?!
വടകര തീരുമാനിക്കട്ടെ. ” എന്നുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്.
എന്താണ് ഈ പോസ്റ്റിൽ പറയുന്ന വാർത്തയുടെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
യാഥാർഥ്യം അന്വേഷിച്ചപ്പോൾ ലഭിച്ചത് ഒരു പത്രവാർത്തയാണ്. അതിൽ പറയുന്നത് ഇങ്ങനെയാണ്. “ഗുജറാത്തിലെ അഹമ്മദാബാദില്‍ ആരംഭിച്ച ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമായി. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്.” 2018 ഡിസംബര്‍ 15ന് ആണ് ഈ വാർത്ത നല്‍കിയിരിക്കുന്നത്. വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്തത് സംബന്ധിച്ച് കെ.കെ ശൈലജയും ഫേസ്ബുക്ക് പോസ്റ്റ് നല്‍കിയിരുന്നു.
സിപിഎം പ്രതിനിധിയായ കെ.കെ ശൈലജ അവരുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ല എന്ന വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് കെ.കെ ശൈലജ തന്നെ മറുപടിയും നൽകി. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സംഘടിപ്പിച്ച എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിലാണ് താന്‍ പങ്കെടുത്തതെന്നും ആയുഷ് വകുപ്പാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നുമായിരുന്നു ശൈലജയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവന്നിരുന്നു.
2022ല്‍ ഗോവയില്‍ നടന്ന ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചതും കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലാണ്. 2002ല്‍ കൊച്ചിയിലാണ് ആദ്യത്തെ ആയുര്‍വേദ കോണ്‍ഗ്രസ് നടന്നതെന്നും രണ്ട് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഡെലിഗേറ്റുകള്‍ ഉള്‍പ്പെടെ പങ്കെടുക്കാറുണ്ടെന്നും ആണ് അറിയാൻ സാധിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ആയുര്‍വേദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ പരിപാടിയുടെ സ്‌പോണ്‍സര്‍മാരാകാറുണ്ടെന്നും മുന്‍ സമ്മേളനങ്ങളുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യപ്പെടും.
ഇതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സംഘടിപ്പിച്ച എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിലാണ് ശൈലജ ടീച്ചർ പങ്കെടുത്തത് എന്ന് വ്യക്തമാണ്.