ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി ബി.ജെ.പിയിൽ ചേരുമെന്ന് ബി.ആർ.എസ് നേതാവും മുൻ മന്ത്രിയുമായ കെ.ടി രാമറാവു.
ഹൈദരാബാദിലെ തെലങ്കാന ഭവനിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ ‘ചൗകിദാർ ചോർ ഹേ’ (കാവൽക്കാരൻ കള്ളനാണ്) അവകാശവാദങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി മോദി തന്‍റെ ജ്യേഷ്ഠനാണെന്ന് രേവന്ത് റെഡ്ഡി പറയുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റുകൾ പോലും ലഭിക്കില്ലെന്നും തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് ശേഷം ബി.ജെ.പിയിലേക്ക് കൂറുമാറുന്ന സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് നേതാവായിരിക്കും രേവന്ത് റെഡ്ഡിയെന്നും കെ.ടി.ആർ ആരോപിച്ചു.
Read more : ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി പോലീസ്
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഹൈക്കമാൻഡിന് റെഡ്ഡി 2,500 കോടി അയച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച ഭരണം നൽകുന്നതിൽ രേവന്ത് റെഡ്ഡി പരാജയപ്പെടുന്നുവെന്നും കെ.ടി.ആർ പറഞ്ഞു. നിലവിലെ സർക്കാറിന്‍റെ അഴിമതിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് മുൻ ബി.ആർ.എസ് സർക്കാറിന്‍റെ അഴിമതി വിഷയങ്ങൾ സംസ്ഥാനത്തെ കോൺഗ്രസ് ഉന്നയിക്കുന്നതെന്നും കെ.ടി.ആർ അവകാശപ്പെട്ടു.