പൊതു തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും വര്‍ദ്ധിക്കുമ്പോള്‍ വ്യക്തിഹത്യ മുതല്‍ വലിയ കേസുകള്‍ വരെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇ.ഡിയും മോഡിയും ഒരു വശത്ത് നിന്നുകൊണ്ട് പ്രതിപക്ഷത്തെ മാനസികമായി തളര്‍ത്താനുള്ള എല്ലാ വഴികളും തുറന്നിടുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ ചൂട് കാറ്റ് എങ്ങോട്ടായിരിക്കും വീശുക. അങ്കത്തിന്റെ തീയതിയും സമയവും സ്ഥലവും കുറിച്ചതോടെ കച്ച മുറുക്കി സ്ഥാനാര്‍ത്ഥികളും പൊരിഞ്ഞ പോരാട്ടിനിറങ്ങിക്കഴിഞ്ഞു.
വെട്ടും മറുവെട്ടും പൂഴിക്കടകന്‍ വരെ പ്രതീക്ഷിക്കണം. ഇതെല്ലാം കഴിഞ്ഞുവേണം അന്തിമ വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍. എന്നാല്‍, ഇ.ഡിയുടെയും മോഡിയുടെയും വെട്ടിലൊന്നും പെടാതെ, അങ്കത്തട്ടില്‍ വിയര്‍പ്പോ ചോരയോ പൊടിയാതെ ലോക്സഭയിലും രാജ്യസഭയിലും അംഗമാകാനാകും. നോമിനേറ്റഡ് എംപിമാരാണ് ഇക്കൂട്ടര്‍. ജനങ്ങളെ കാണണ്ട, ബാലറ്റ് പേടി വേണ്ട, വിയര്‍പ്പൊഴുക്കണ്ട പക്ഷെ, ചുളുവിന് എം.പിയാകാം. ഇങ്ങനെ ചോര നീരാക്കി അങ്കത്തിനിറങ്ങാതെ ചുളുവിന് എംപിമാരായത് ഒമ്പത് മലയാളികളാണ്.
അതില്‍ ഒരാള്‍ രണ്ടുംകല്‍പ്പിച്ച് തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുകയാണ്.
ജയിച്ചാല്‍ ലോക്‌സഭാ എം.പി. ഭാഗ്യം കൂടെയുണ്ടെങ്കില്‍ കേന്ദ്രമന്ത്രിയുമാകാം. പക്ഷെ, ജയിക്കണം!. എന്നാല്‍, തൃശൂരെടുക്കാതെ തന്നെ രാജ്യസഭാ എം.പിയാകാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു ഭാഗ്യം. ഇങ്ങനെ നാമനിര്‍ദ്ദേശത്തിലൂടെ പാര്‍ലമെന്റ് അംഗങ്ങളായവരാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍, ജി. രാമചന്ദ്രന്‍, ജി. ശങ്കരക്കുറുപ്പ്, അബു എബ്രഹാം, കെ. കസ്തൂരി രംഗന്‍, സുരേഷ് ഗോപി, പി.ടി. ഉഷ, ഡോ. ചാള്‍സ് ഡയസ്, റിച്ചാര്‍ഡ് ഹെ എന്നിവര്‍.
ആദ്യത്തെ ഏഴുപേര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാണ് എംപിമാരായത്. രണ്ടുപേര്‍ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി ലോക്സഭയിലുമെത്തി. രാജ്യസഭയില്‍ 245 അംഗങ്ങളാണുള്ളത്. സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലുള്ള പ്രത്യേക ജ്ഞാനമോ പ്രായോഗിക പരിചയമോ കണക്കിലെടുത്ത് 12 പേരെ രാഷ്ട്രപതിക്ക് നാമനിര്‍ദ്ദേശം ചെയ്യാം.
ഈ ആനുകൂല്യത്തില്‍ പ്രമുഖ സാഹിത്യകാരനും രാജ്യതന്ത്രജ്ഞനും ചരിത്രകാരനുമായ സര്‍ദാര്‍ കെ.എം പണിക്കരാണ് ആദ്യമായി എംപിയായ മലയാളി. പ്രൊഫസര്‍ സത്യേന്ദ്രനാഥ് ബോസ് രാജിവച്ച ഒഴിവിലേക്കാണ് സര്‍ദാര്‍ കെ.എം പണിക്കരെ നിയമിച്ചത്. 1959 ആഗസ്റ്റ് 25നാണ് പ്രസിഡന്റ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. 1960 ഏപ്രില്‍ മൂന്ന് മുതലുള്ള കാലാവധിയിലേക്ക് പണിക്കരെ വീണ്ടും നോമിനേറ്റ് ചെയ്യുകയായിരുന്നു. ജമ്മുകശ്മീര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിതനായതിനെ തുടര്‍ന്ന് 1961 മേയ് 22ന് അദ്ദേഹം രാജിവച്ചു.
പ്രമുഖ ഗാന്ധിയനും ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനുമായ ജി. രാമചന്ദ്രന്‍ 1964 ഏപ്രില്‍ മൂന്ന് മുതല്‍ 1970 ഏപ്രില്‍ 2 വരെ ആറ് വര്‍ഷം രാജ്യസഭയിലെ അംഗമായിരുന്നു. ജി. രാമചന്ദ്രന് പിന്നാലെ പ്രഥമ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പ് രാജ്യസഭയിലെത്തി. ഡോ. ധനഞ്ജയ രാമചന്ദ്ര ഗാഡ്ഗില്‍ രാജിവച്ച ഒഴിവിലേക്കാണ് 1968 ഏപ്രില്‍ രണ്ടിന് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. തുടര്‍ന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം നോമിനേഷനിലൂടെ രാജ്യസഭയിലെത്തി.
രാജ്യസഭയില്‍ 1964 മുതല്‍ 1978 വരെ തുടര്‍ച്ചയായി നാമനിര്‍ദ്ദേശത്തിലൂടെ വന്ന മലയാളികളുമുണ്ടായിരുന്നു. 1968 മുതല്‍ 1970 വരെ ഒരേസമയത്തു തന്നെ രണ്ടുപേരുണ്ടായിരുന്നു. ജി. രാമചന്ദ്രനും അബു എബ്രഹാമും മാത്രമാണ് ആറ് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയത്. ഐ.എസ്.ആര്‍.ഒ.യുടെ നിരവധി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ 2003-2009 കാലത്താണ് രാജ്യസഭാംഗമായത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 ഏപ്രില്‍ 29ന് നടന്‍ സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്തു. 2022 ജൂലൈ 7ന് പി.ടി. ഉഷയും നോമിനേഷനിലൂടെ രാജ്യസഭയിലെത്തുകയും ചെയ്തു. ലോക്‌സഭയിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി രണ്ടുപേരെ നാമനിര്‍ദ്ദേശം ചെയ്യാറുണ്ട്. ഇവര്‍ക്ക് മത്സരമില്ല. ആദ്യ ആംഗ്ലോ ഇന്ത്യന്‍ മലയാളി രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നോമിനേറ്റ് ചെയ്യപ്പെട്ട ഡോ ചാള്‍സ് ഡയസാണ്. എറണാകുളം സ്വദേശിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഡോ. റിച്ചാര്‍ഡ് ഹെ കണ്ണൂര്‍ സ്വദേശിയുമാണ്.
അംഗസംഖ്യയില്‍ കുറവായ ഈ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഇവരെ നോമിനേറ്റ് ചെയ്യുന്നത്. കേരളാ നിയമസഭില്‍ ഒരു ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനാകും. നോമിനേറ്റ് ചെയ്തവരില്‍ നടന്‍ സുരേഷ് ഗോപിമാത്രമാണ് പിന്നീട് തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യസഭാഗം ആയിരിക്കെ 2021ല്‍ തൃശ്ശൂരില്‍ നിന്ന് നിയമസഭയിലേയക്ക് മത്സരിച്ചു. കാലാവധി തീര്‍ന്നശേഷം ഇപ്പോള്‍ തൃശ്ശൂരില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിക്കുകയാണ്.