എറണാകുളം: യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഗുരുതര പരുക്കേറ്റ പാർട്ടി നേതാവ് മേഘ രഞ്ജിത് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ. പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഈ രീതിയിൽ മർദ്ദിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഹർജിയിൽ ജസ്റ്റിസ് ടി.ആർ.രവി സർക്കാരിന്‍റെ നിലപാട് തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേധത്തിനിടെയാണ് മേഘയുൾപ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത്.
പ്രതിഷേധക്കാർക്കിടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്നും, തലക്കും കഴുത്തിനും ഗുരുതര പരുക്കേറ്റെന്നും മേഘയുടെ ഹർജിയിൽ പറയുന്നു.സാഹചര്യം സാധാരണ നിലയിലെത്തിയിട്ടും മർദ്ദനം തുടർന്ന ആലപ്പുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം അമിത അധികാരമാണ് പ്രയോഗിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
യാതൊരു പ്രകോപനമോ മുന്നറിയിപ്പോ ഇല്ലാതെ പൊലീസ് ആക്രമിക്കുകയായിരുന്നു. തുടർന്ന് ആൾക്കൂട്ടത്തിൽ നിന്ന് മാറി നിന്ന തന്നെ ആലപ്പുഴ ഡിവൈഎസ്പി കഴുത്തിന് ലാത്തി കൊണ്ടടിച്ചു. തല്ലരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും ലാത്തികൊണ്ട് തലയ്ക്കടിക്കുകയാണ് ഡിവൈഎസ്പി ചെയ്തത് എന്ന് ഹര്‍ജിയിൽ പറയുന്നു. ഇത് തന്റെ മൗലികാവകാശങ്ങളുടെ ലംഘനമെന്നും ഹർജിയിൽ പറയുന്നു.
പൊലീസ് നടപടിയിൽ മേഘയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കഴുത്തിൽ ഏറ്റ അടി തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവർത്തനത്തെ വരെ ബാധിച്ചു. ഇപ്പോഴും തനിയെ എഴുന്നേറ്റിരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് താനെന്ന് മേഘ ഹർജിയിൽ പറയുന്നു. ഈ അവസ്ഥ ഭേദമാവുക ചുരുക്കമാണെന്നും ഭേദമായാൽ തന്നെ ഏറെക്കാലം പിടിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്.