ഇഡി അന്വേഷണം വിഡി സതീശനെ സമാധാനിപ്പിക്കാൻ; മാസപ്പടിയിൽ കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി: എംവി ഗോവിന്ദൻ

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വീണാ വിജയനെതിരായ മാസപ്പടി കേസിൽ ഇഡി കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുടെ കൂലിപ്പണിക്കാരാണ് ഇഡി ഇതിലൊന്നും സിപിഎം കീഴടങ്ങില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമാധാനിപ്പിക്കാൻ കൂടിയാണ് അന്വേഷണമെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു.

കേന്ദ്ര ഏജൻസികളെ പണം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നു.ഗുണ്ടാ പിരിവാണ് ബി.ജെ.പി നടത്തുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് അന്തർധാര. അതാണ് കാസർകോഡ് കണ്ടത്. സതീശൻ പറഞ്ഞാൽ ഉണ്ടാകുന്നതല്ല അന്തർധാര യെനുംഅദ്ദേഹം പറഞ്ഞു.

ഇന്ത്യ കണ്ട സുപ്രധാന അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും കോടികള്‍ ബോണ്ടായി വാങ്ങിയ കോണ്‍ഗ്രസാണിപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നത്. പിരിച്ചെടുത്ത കോടികള്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണക്കാരില്‍ നിന്നും കുറ്റവാളികളില്‍ നിന്നും കോടികള്‍ നിര്‍ലജ്ജം പിരിച്ചു. ഇഡിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണത്തിന്റെ പേരില്‍ ഭയപ്പെടുത്തി പച്ചയായി പണം പിരിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.

8251 കോടി രൂപ ബിജെപിക്ക് കിട്ടിയപ്പോൾ അനക്കമില്ല.1428 കോടി കോൺഗ്രസും വാങ്ങി. അവസാന കണക്ക് വന്നപ്പോൾ 1952 കോടിയായി. കോണ്‍ഗ്രസിന് കിട്ടിയ പണം എവിടെ പോയി. കോടികള്‍ ബോണ്ട് വാങ്ങിയവരും നല്‍കിയവരുമാണ് പ്രളയകാലത്ത് ഓമനക്കുട്ടനെ കുറ്റപ്പെടുത്തിയത്. സിപിഎം അന്നേ ഇതിനെതിരായിരുന്നു. ഇടതുപക്ഷത്തിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും കോണ്‍ഗ്രസ് ബോണ്ട് വാങ്ങിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.