കേരള രാഷ്ട്രീയത്തിൽ മറ്റു ജില്ലകളേക്കാൾ ആധിപത്യമുള്ള ജില്ലയാണ് കണ്ണൂർ. നിലവിൽ മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, മുഖ്യ ഭരണ പാർട്ടിയായ സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി, ഭരണമുന്നണിയായ എൽഡിഎഫിൻ്റെ കൺവീനർ, പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻ്റെ എന്നിവർ കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. നിലവിൽ പാർലമെൻ്റിൽ രാജ്യസഭയിലും ലോക്സഭയിലും കണ്ണൂരുകാരായ ആറു പേർ അംഗങ്ങളാണ്.
ലോക്സഭയിൽ കെപിസിസി പ്രസിഡൻ്റായ കെ.സുധാകരനും കോഴിക്കോട് എംപിയായ എൻ.കെ.രാഘവനുമാണ് കണ്ണൂർ പാരമ്പര്യമുള്ളവർ. രാഘവൻ ജയിച്ചത് കണ്ണൂരല്ലങ്കിലും ജനിച്ചത് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നാണ്. സിപിഎമ്മിൽ നിന്നും കേരളത്തിൻ്റെ പ്രതിനിധികളായി രാജ്യസഭയിലെത്തിയ ജോൺ ബ്രിട്ടാസും വി ശിവദാസനും സിപിഐയുടെ പി സന്തോഷ് കുമാറും കണ്ണൂരുകാരാണ്. മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരൻ തലശ്ശേരി എരഞ്ഞോളി സ്വദേശിയാണ്. രാജസ്ഥാനിൽ നിന്നും കോൺഗ്രസ് രാജ്യസഭയിലെത്തിച്ച കെ.സി. വേണുഗോപാലും കൂടിയാകുമ്പോൾ പാർലമെൻ്റിലെ കണ്ണൂർ പ്രാതിനിത്യം ആറായി മാറും.
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾക്കായി കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നവരിൽ 9 പേർ കണ്ണൂരുകാരാണ്. ഇവരിൽ 4 പേരെ രംഗത്തിറക്കിയിരിക്കുന്നത് എൽഡിഎഫാണ്. മൂന്നു കണ്ണൂരുകാർ യുഡിഎഫിന് വേണ്ടിയും ഒരാൾ എൻഡിഎയ്ക്ക് വേണ്ടിയും ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങി.
വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, വടകരയിൽ കെ.കെ. ശൈലജ,കണ്ണൂരിൽ എം.വി. ജയരാജൻ എന്നിവരാണ് ഇടത് മുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. കണ്ണൂരിൽ കെ. സുധാകരൻ, കോഴിക്കോട് എൻ.കെ.രാഘവൻ, ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ തുടങ്ങിയവരാണ് യുഡിഎഫിന് വേണ്ടി ജനവിധി തേടുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരനാണ് എൻഡിഎയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പോരിനിറങ്ങുന്ന കണ്ണൂരുകാരൻ.
രണ്ട് കണ്ണൂരുകാർ തമ്മിൽ നേരിട്ട് പോരാട്ടം നടക്കുന്നത് കണ്ണൂർ മണ്ഡലത്തിൽ തന്നെയാണ്.ഇവിടെ കെ സുധാകരനും ജയിച്ചാലും എം.വി. ജയരാജനും തമ്മിലാണ് പോര്. ഇവരിൽ ആര് ജയിച്ചാലും കണ്ണൂർ കണ്ണൂരുകാരനെത്തന്നെ ലോക് സഭയിലേക്ക് എത്തിക്കുമെന്ന് ഉറപ്പ്. മറ്റുള്ള ജില്ലയിൽ പോരിനിറങ്ങുന്ന കണ്ണൂരുകാർ ഇത്തവണ സഭയിലെത്തുമോ എന്നതറിയാൻ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും