തിരുവനന്തപുരം: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുൻ സംസ്ഥാന ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോസ്സ്മെൻറ് ഡയറക്ടറേറ്റ് ( ഇഡി ) നോട്ടീസ്. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം എന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ഇത് എട്ടാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്.
ഇഡി സമൻസ് സ്‌റ്റേ ചെയ്യണമെന്ന ഐസക്കിൻ്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിൻറെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിലാണ് മുൻ ധനമന്ത്രിക്കെതിരെ ഇഡി അന്വേഷണം നടക്കുന്നത്.